ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്നിലാക്കി നടൻ വിജയ്. റിപ്പോർട്ടുകൾ പ്രകാരം ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണ്. ഇതോടെ ഒടുവിലെ പ്രോജക്റ്റിനായി ഷാരൂഖ് വാങ്ങിയ 250 കോടി എന്ന റെക്കോഡിനെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്.
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയുടെ അവസാന ചിത്രമാണ് ദളപതി 69. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം. കെവിഎൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69 നിർമിച്ചിരിക്കുന്നത്.
സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രം ഒരുക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമെന്ന നിലയിൽ ഏറെ വൈകാരികമാണ് ആരാധകർക്ക് ദളപതി 69. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളടക്കം വിജയ് സിനിമാ അഭിനയം നിർത്തുന്നതിലുളള ദു:ഖം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.