തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി കേന്ദ്രസർക്കാരും മറ്റ് സംസ്ഥാനങ്ങളും വർധിപ്പിച്ചിട്ടും അനക്കമില്ലാതെ പിണറായി വിജയൻ ഭരിക്കുന്ന കേരളം. കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്.
സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ കേരളം തയാറായിട്ടില്ല. പുനഃപരിശോധനാ സമിതിയുടെ ശിപാർശകളെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ച് അത് ഒരു യോഗം പോലും ചോരാതെ ഒളിച്ചിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം അതതു കാലത്തു നിക്ഷേപിച്ചില്ലെങ്കിൽ അതു ഫണ്ടിന്റെ വളർച്ചയെ സാരമായി ബാധിക്കും. വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷൻ തുക കുറയും. 2013ലാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഇതുവരെ പദ്ധതിയിൽ ചേർന്ന രണ്ടായിരത്തോളം പേരാണ് വിരമിച്ചത്.
നഷ്ടം ഇങ്ങനെ
- പെൻഷൻ ഫണ്ടിലേക്ക് എത്തുന്നത് 10% എന്ന കുറഞ്ഞ സർക്കാർ വിഹിതം
- വിരമിക്കുമ്പോഴുള്ള ഗ്രാറ്റുവിറ്റി കേരളം അനുവദിക്കാത്തതിനാലുള്ള നഷ്ടം
- ക്ഷാമബത്ത കുടിശിക അനുവദിക്കാത്തതിനാൽ പെൻഷൻ വിഹിതവും കുറയുന്നു
- 10 വർഷത്തിൽ താഴെ സർവീസുള്ളവർക്ക് മിനിമം പെൻഷൻ നൽകുന്നില്ല
- പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാക്കുന്നത് തസ്തിക വിജ്ഞാപനം ചെയ്ത ദിവസം അടിസ്ഥാനമാക്കി വേണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയിട്ടില്ല. ഇപ്പോൾ കണക്കാക്കുന്നത് ജോലിയിൽ പ്രവേശിച്ച ദിവസം.
ഭരണം ലഭിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കി അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഇതുവരെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.
അതുകൂടാതെ, പങ്കാളിത്ത പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ആശ്രിതർക്ക് നൽകുന്ന ആശ്വാസ ധനസഹായം 30% ആയി കുറച്ചു. കേരളത്തിലെ ജീവനക്കാർക്ക് ഡിസിആർജി അനുവദിക്കേണ്ടതില്ല എന്നായിരുന്നു സർക്കാർ തീരുമാനം. സർക്കാർ വിഹിതം ഇപ്പോഴും 10% തന്നെയാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് പഠിക്കാൻ നിയമിച്ച സമിതി 2021 ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും അന്നുമുതൽ ഈ ഫയൽ ധനമന്ത്രിയുടെ ഇൻബോക്സിൽ ഒളിച്ചിരിക്കുകയാണ്.
പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് വീണ്ടും പരിശോധിക്കുന്നതിനായി 2023 നവംബറിൽ മറ്റൊരു സമിതിക്ക് സർക്കാർ രൂപം നൽകിയെങ്കിലും രണ്ടാമത് രൂപീകരിക്കപ്പെട്ട സമിതി ഇതുവരെയും ഒരു ഔദ്യോഗിക യോഗം പോലും ചേർന്നിട്ടില്ല.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി വേണമെങ്കിൽ സംസ്ഥാനങ്ങൾക്കും നടപ്പിലാക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടജീവനക്കാർ
Pankaalitha pension kaarkku festival allowance kittiyilla