ലക്‌നൗ: കുളിക്കാത്ത ഭർത്താവിൽ നിന്നും വിവാഹ മോചനം തേടി ഭാര്യ. ആഗ്രയിലാണ് സംഭവം. വിവാഹ മോചനം സംബന്ധിച്ച് യുവതി കൗൺസിലിംഗ് തേടിയതോടെയാണ് ഈ വിവരം പുറത്തുവന്നത്. 40 ദിവസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മാസത്തിൽ രണ്ട് തവണയാണ് ഭർത്താവ് കുളിക്കുന്നത് എന്നാണ് യുവതി പറയുന്നത്. കുളിക്കാത്തതിനാൽ ശരീരത്തിൽ നിന്നും വലിയ ദുർഗന്ധമാണ് വരുന്നത്. ഇത് അസഹ്യമായിരിക്കുന്നുവെന്നും വ്യക്തി ശുചിത്വം അൽപ്പം പോലുമില്ലാത്ത ആൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ വിവാഹ മോചനം വേണമെന്നുമാണ് യുവതിയുടെ ആവശ്യം. മാസത്തിൽ രണ്ട് തവണ പൂർണമായും ഭർത്താവ് കുളിക്കും. ഒരു തവണ ശരീരത്തിൽ ഗംഗാജലം തളിയ്ക്കും. ഇതല്ലാതെ മറ്റൊരു തരത്തിലും ശരീരം വൃത്തിയാക്കാറില്ലെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് കൗൺസിലിംഗ് സെന്ററിലെ ജീവനക്കാർ യുവാവിനെ സമീപിച്ചിരുന്നു. വിഷയത്തിൽ പ്രതികരണം തേടിയെത്തിയ ജീവനക്കാരെ ഞെട്ടിപ്പിക്കുന്നത് ആയിരുന്നു യുവാവിന്റെ മറുപടി. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ യുവതി താനുമായി അനാവശ്യമായി വഴക്കിന് വരികയാണെന്നാണ് യുവാവ് പറഞ്ഞത്. കുളിക്കാത്തതിന്റെ പേരിൽ ദുർഗന്ധമുണ്ടെന്ന് പറഞ്ഞ് എന്നും പ്രശ്‌നത്തിന് വരും. ശല്യം സഹിക്കാതെ താൻ ആറ് തവണ കുളിച്ചു. നിത്യവും കുളിക്കാൻ ആവശ്യപ്പെട്ട് തന്നെ ശല്യം ചെയ്യുകയായിരുന്നു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ യുവതി സ്വന്തം വീട്ടിേേലക്ക് പോയി എന്നും യുവാവ് വ്യക്തമാക്കി. അതേസമയം കുളിക്കാത്ത യുവാവിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.