സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിടവാങ്ങിയതോടെ ആരായിരിക്കും അടുത്ത സി.പി.എം ജനറൽസെക്രട്ടറി എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിയിട്ടുണ്ട്. അടുത്തവർഷം പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സീതാറാം യെച്ചൂരിയുടെ വിയോഗം.
അതിനാൽ തന്നെ താൽക്കാലികമായി പകരക്കാരനെ കണ്ടെത്തിയേ മതിയാകു. പുറത്തുവരുന്ന വിവരമനുസരിച്ച് കേരളത്തിൽനിന്നോ ബംഗാളിൽ നിന്നോ ഉള്ള ഒരാളെ പരിഗണിക്കാനാണ് സാധ്യത. കേരളത്തിൽ നിന്നുമാണ് ഒരാളെ പരിഗണിക്കുന്നതെങ്കിൽ നറുക്ക് എം എ ബേബിക്ക് വീഴുമെന്നാണ് ലഭ്യമാകുന്ന സൂചന.
എന്തായാലും എം എ ബേബിക്ക് നറുക്ക് വീണാൽ പണി കിട്ടാൻ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കാരണം ഇപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാകുകയാണ്. ഒരുകാലത്ത് സിപിഎമ്മിൽ ശബ്ദങ്ങളൊന്നും ഉയർത്താതെ അടങ്ങിയിരുന്ന നേതാക്കളാണ് ഇപ്പോൾ പിണറായി വിജയനെതിരെ രംഗത്തെത്തുന്നത്. ഇന്ന് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളും എന്നാൽ അതിനു മറുപടി പറയാത്ത മുഖ്യന്റെ നിശബ്ദതയും തെറ്റുകാരെ സംരക്ഷിക്കുന്ന പിണറായി വിജയൻറെ നിലപാടുമാണ് നേതാക്കളെ പോലും ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തിൽ ആണ് പിണറായി വിരുദ്ധ ചേരി ശക്തി പ്രാപിക്കുന്നത്. മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്, പി ജയരാജൻ ,കെ.കെ. ശൈലജ, സ്വരാജ് എന്നിവരും ബേബി പക്ഷത്തോടൊപ്പമുണ്ട്. അതോടൊപ്പം മന്ത്രിമാരിൽ എം.ബി രാജേഷും പി. രാജീവും ബേബി ചേരിയോട് അടുത്ത് കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടാതെ, എങ്ങോട്ട് വേണമെങ്കിലും ചായാമെന്ന അവസ്ഥയിലാണ് മുഖ്യന്റെ ചങ്കായ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇപ്പോൾ.
അതിനാൽ തന്നെ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം എം എ ബേബിക്ക് ലഭിച്ചു കഴിഞ്ഞാൽ പണി കിട്ടുക പിണറായി വിജയന് തന്നെയായിരിക്കും. അതേസമയം, ബംഗാളിൽനിന്നുള്ള മുഹമ്മദ് സലീമിനും നറുക്ക് വീഴാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം, യച്ചൂരിയെപ്പോലെത്തന്നെ കേരളത്തിനും ബംഗാളിനും പുറത്തുനിന്നുള്ള ഒരാൾ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ, മൂന്നുതവണ ജനറൽ സെക്രട്ടറി പദമലങ്കരിച്ച പ്രകാശ് കാരാട്ടിന് ഇനിയൊരൂഴം ഉണ്ടാവില്ല.
കൂടാതെ ബൃന്ദ കാരാട്ട്, മണിക് സർക്കാർ, എന്നീ ദേശീയ നേതാക്കൾക്ക് 75 വയസ് പ്രായ പരിധിയും പിന്നിട്ടു. അതിനാൽ തന്നെ കേരളത്തിൽനിന്നൊരാളെ പരിഗണിച്ചാൽ എം.എ.ബേബിക്കാണ് സാധ്യതയേറെ ഉള്ളത്. ദേശീയതലത്തിലെ പ്രവർത്തന പരിചയവും സ്വാധീനവും സൗമ്യമായി ഇടപെടാനുള്ള കഴിവും അദ്ദേഹത്തിന് ഗുണംചെയ്യും. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനാലും പ്രായപരിധിയും പ്രതികൂലമായതിനാലും പിണറായിയെ പരിഗണിക്കില്ല. കൂടാതെ, പി.ബിയിൽ ജൂനിയർ ആയതിനാൽ എം.എ.ബേബിയെ മറികടന്ന് എം.വി.ഗോവിന്ദനെയും പരിഗണിക്കില്ല എന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം. എന്തായാലും ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കും.