നമ്മുടെ അയല്‍രാജ്യത്തെ ചൈന വിഴുങ്ങുമോ; കടത്തിന് മേല്‍ കടം മൂടിയിട്ടും പുതിയ സാമ്പത്തിക കരാറൊപ്പിട്ട് മുയിസു

maldevils

ബീജിംഗ്: കടക്കെണിയിലായ രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് അനുവദിക്കുന്ന പുതിയ കരാറില്‍ ചൈനയും മാലി ദ്വീപും ഇന്ന് ഒപ്പുവച്ചു. വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാർ സഹായിക്കുമെന്ന് ചൈനയുടെ സെൻട്രല്‍ ബാങ്ക് പറഞ്ഞു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും മാലി ദ്വീപിലെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രപ്രകാരം ചൈനയെയും മാലിയെയും നേരിട്ടുള്ള നിക്ഷേപം വർധിപ്പിക്കാനും കറൻ്റ് അക്കൗണ്ട് ഇടപാടുകള്‍ക്ക് പ്രാദേശിക കറൻസി അനുവദിക്കുകയും ചെയ്യുന്നു. കരാറിനെക്കുറിച്ച്‌ ചൈന മറ്റൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇതിനകം തന്നെ വൻ കടബാധ്യത നേരിടുന്ന മാലിദ്വീപ്, തിരിച്ചടവ് മുടക്കം ഒഴിവാക്കാൻ ബുദ്ധിമുട്ടുകയാണ് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ മാലിദ്വീപുമായി സജീവമായ ആശയവിനിമയം നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹകരണം വർധിപ്പിക്കുമെന്നും ചൈന അറിയിച്ചു. മാലിദ്വീപിൻ്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ചൈന പിന്തുണയും സഹായവും നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

ലോകബാങ്കിൻ്റെ കണക്കനുസരിച്ച്‌, ചൈനയാണ് മാലി ദ്വീപിൻ്റെ ഏറ്റവും വലിയ വായ്പാദാതാവ് . ചൈനയുമായുള്ള ദ്വീപിൻ്റെ സാമ്പത്തിക ഇടപാട് 1.3 ബില്യണ്‍ ഡോളറിന് മുകളിലായി. അടുത്ത മാസം നല്‍കേണ്ട 25 മില്യണ്‍ ഡോളർ നല്‍കുന്നതില്‍ വീഴ്ച വരുത്തില്ലെന്ന് മാലിദ്വീപ് സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഈ വർഷം ഏപ്രിലില്‍ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പില്‍ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പാർട്ടി വൻ വിജയം നേടിയിരുന്നു.

ചൈനയുമായുള്ള ദ്വീപ് രാഷ്ട്രത്തിൻ്റെ ബന്ധം അതിവേഗം വളരുകയും പരമ്പരാഗത പങ്കാളിയായ ഇന്ത്യയില്‍ നിന്ന് അകലുകയും ചെയ്യുന്നുവെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ വിമർശനമുയർന്നിരുന്നു. അതേസമയം, മുഹമ്മദ് മുയിസു ഉടൻ തന്നെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിൻ്റെ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിന് രണ്ട് മന്ത്രിമാരെ പുറത്താക്കിയ ദിവസമാണ് അദ്ദേഹം ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments