ജനീവ: കുരങ്ങുപനി എന്നറിയപ്പെടുന്ന എംപോക്സിന് വാക്സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ആഫ്രിക്കയില്‍ ഉള്‍പ്പെടെ ലോകത്തിൻ്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയത്. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി ലഭിച്ചത്. എംപോക്സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യഅംഗീകൃത വാക്സിനാണ് ഇത്.
എപോക്സ് വാക്‌സിന് മാനദണ്ഡങ്ങൾ പ്രകാരം അംഗീകാരം നൽകിയത് പ്രധാന ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. ആഫ്രിക്കയില്‍ നിലവിലുള്ള രോഗ വ്യാപനപശ്ചാത്തലത്തിലും ഭാവിയിലും എംപോക്സ് പ്രതിരോധത്തിന് വാക്സിൻ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ട് വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭാവിയില്‍ രോഗവ്യാപനം അനിയന്ത്രിതമായാല്‍ പതിനെട്ടു വയസ്സിനു താഴെയുള്ളവരിലും ഉപയോഗിക്കാൻ അനുമതി നല്‍കും. 2022 മുതല്‍ ലോകത്തിൻ്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ അടുത്തിടെയായി വ്യാപനം വർധിച്ച സാഹചര്യവും നിലവിലുണ്ട്. പുതിയ കണ്ടുപിടുത്തം ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
1958 ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിലുണ്ടായിരുന്ന ലബോറട്ടറി കുരങ്ങുകൾക്കിടയിലായിരുന്നു എംപോക്സ് ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് 12 വർഷങ്ങൾക്കു ശേഷം, 1970 ലാണ് മനുഷ്യരിൽ ആദ്യമായി രോഗബാധ കണ്ടെത്തിയത്. ആഫ്രിക്കൻ രാജ്യമായ കോങ്കോയിൽ താമസിച്ചിരുന്ന മനുഷ്യരിൽ ആയിരുന്നു ആദ്യമായി രോഗം കണ്ടെത്തിയത്.
ഇന്ത്യയിൽ ഇതുവരെ 28 കേസുകൾ ആണ് റിപ്പോർട് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് വന്നാൽ ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്തത് തിരുവനന്തപുരത്ത് ആയിരുന്നു. 2022 ജൂലൈ 14 നു യു എ ഇയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ യാത്രികനാണ് രോഗം കണ്ടെത്തിയത്.