ഒരേസമയം ശമ്പളവും പെൻഷനും പോക്കറ്റിലാക്കുന്ന ബെഹ്‌റയും എബ്രഹാമും ജോയിയുമാണ് ഇന്നിന്റെ മാതൃകകള്‍ !

വിരമിച്ചാലും കസേര ഒഴിഞ്ഞ് പോകാത്ത ഐഎഎസ് – ഐപിഎസുകാരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. മുഖ്യമന്തിയുടെ കാല് പിടിച്ച് എങ്കിലും ഏതെങ്കിലും കറങ്ങുന്ന കസേര, ഇക്കൂട്ടർ ഒപ്പിച്ചിരിക്കും. ആ കൂട്ടത്തിലെ പ്രമുഖനാണ് മുൻ ഡി.ജി.പി ലോകനാഥ് ബെഹ്റ. സംസ്ഥാന പോലീസ് മേധാവിയുടെ കസേര ഒഴിഞ്ഞയുടനെ 2021 ആഗസ്ത് 27 ന് കൊച്ചി മെട്രോ എം.ഡി കസേരയിൽ പിണറായി ബെഹ്റയെ അവരോധിച്ചു. 3 വർഷത്തേക്കാണ് നിയമനം നൽകിയത്. എന്നാൽ 2024 ആഗസ്ത് 29 ന് ബെഹ്റയുടെ കാലാവധി കഴിഞ്ഞെങ്കിലും കസേരയിൽ നിന്ന് ഒഴിയാൻ ബെഹ്റ തയ്യാറായിട്ടില്ല. പകരം നീട്ടി പിടിച്ച് ഒരു കത്ത് ബെഹ്റ സർക്കാരിന് എഴുതി.

വേറൊന്നുമല്ല. തൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടണം എന്നായിരുന്നു ബെഹ്റയുടെ ആവശ്യം. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടർ മെട്രോ പ്രൊജക്ടും നിർണായകഘട്ടത്തിലാണ്. അതുകൊണ്ട് ഒരു വർഷം കൂടി തരണം. I will do my best എന്നൊക്കെ ബെഹ്റ കത്തിൽ അങ്ങ് തട്ടി വിട്ടു. എന്നാൽ പിണറായി അറിയാതെ ബെഹ്റ കത്ത് എഴുതില്ലല്ലോ. തുടർന്ന് പിണറായി മന്ത്രി ഗണേഷ്കുമാറിനെ വിളിച്ചു ബെഹ്റയുടെ കാലാവധി നീട്ടണമെന്ന് തിട്ടൂരം നൽകി.

ഇതിൻപ്രകാരം കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ബെഹ്റക്ക് ഒരു വർഷത്തെ കാലാവധി നീട്ടി ഉത്തരവും ഇറക്കി. 2025 ആഗസ്ത് 29 വരെ ബെഹ്റ കൊച്ചി മെട്രോ കസേര ഉറപ്പിച്ചു കഴിഞ്ഞു. എന്തായാലും കാലാവധി കഴിയുമ്പോൾ ബെഹ്റ വീണ്ടും കത്തെഴുതുമെന്നതിൽ സംശയമില്ല. സർക്കാരിൻ്റെ കാലാവധി തീരുന്ന 2026 മെയ് വരെ കൊച്ചി മെട്രോ കസേര ബെഹ്റക്ക് തന്നെ എന്ന് ഉറപ്പിക്കാം.

കൂടാതെ സ്വന്തം കസേരയുടെ കാലാവധി നീട്ടി കിട്ടാൻ കത്തെഴുതിയ ഉദ്യോഗസ്ഥൻ എന്ന പേരും ഇനി ബെഹ്റക്ക് സ്വന്തം. ഒപ്പം മാസം 5 ലക്ഷം രൂപ ശമ്പളവും ഇതിലൂടെ ബെഹ്റ ഉറപ്പിച്ചു കഴിഞ്ഞു. ശമ്പളവും പെൻഷനും ഉൾപ്പെടെ ഇവരുടെ മാതൃകയിലാണ് വിരമിച്ച ഐ എ എസുകാർ സർക്കാരിനെ സേവിക്കുന്നത്. വിരമിച്ച 50 ഓളം ഐഎഎസ് , ഐപിഎസുകാർ പിണറായി സർക്കാരിനെ സേവിക്കുന്നുണ്ട്.

അത്തരത്തിൽ ശമ്പളവും പെൻഷനും ഒരുമിച്ച് വാങ്ങി പോക്കറ്റിലിടുന്നവരാണ് മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. എബ്രഹാമും, വി.പി ജോയിയും. ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിന് ലഭിച്ചത് കിഫ്ബിയുടെ സി.ഇ.ഒ കസേര ആയിരുന്നു. കരാർ നിയമനം മതി എന്നാണ് എബ്രഹാം ആവശ്യപ്പെട്ടത്. തുടക്കം ശമ്പളം തന്നെ 2.75 ലക്ഷം. ഇപ്പോൾ അത് 3.50 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതേസമയം, കരാർ നിയമനം ആയത് കൊണ്ട് ചീഫ് സെക്രട്ടറിയുടെ പെൻഷനും കിട്ടും. ചുരുക്കത്തിൽ പറഞ്ഞാൽ മാസം 6 ലക്ഷം രൂപ എബ്രഹാമിൻ്റെ പോക്കറ്റിൽ പോകുമെന്ന് സാരം.

അതേസമയം, കേരള പബ്ളിക് എൻ്റർപ്രൈസസിൻ്റെ ചെയർമാൻ കസേര ആണ് ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം വി.പി ജോയിക്ക് കിട്ടിയത്. പെൻഷൻ ഉൾപ്പെടെയുള്ള ശമ്പളം വേണമെന്നായിരുന്നു വി.പി ജോയിയുടെ ആവശ്യം. ജോയിയുടെ ആവശ്യം കേട്ട് ധനകാര്യ വകുപ്പ് അന്തം വിട്ടു. ചട്ടം അനുവദിക്കുന്നില്ലെന്നായി ധനവകുപ്പ്. എന്നാൽ ഉടനെ പിണറായി ഇടപെട്ടു മന്ത്രി സഭ യോഗം ധനവകുപ്പിനെ തള്ളി ജോയിക്ക് 6 ലക്ഷം പ്രതിഫലം നൽകുകയും ചെയ്തു.

എന്നാൽ ഇവരെല്ലാം മാതൃകയാക്കേണ്ട രണ്ടുപേരുണ്ട്. ഡോ. ഡി ബാബുപോളും എസ് എം വിജയാനന്തും. ശമ്പളം വാങ്ങാതെയും സർക്കാരിനെ സേവിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഡോ. ഡി ബാബുപോൾ. ഒരു പ്രതിഫലവും സ്വീകരിക്കാതെ ആയിരുന്നു സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി ഡോ.ഡി. ബാബുപോൾ പ്രവർത്തിച്ചിരുന്നത്. 2019 ഏപ്രിലിൽ മരണം വിളിക്കുന്നതു വരെ യാതൊരു പ്രതിഫലവും പറ്റാതെ സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ.

ബാബുപോളിൻ്റെ അതേ മാതൃകയാണ് മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പിന്തുടരുന്നത്. വിരമിച്ചതിന് ശേഷം സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റിൻ്റെ സി.എം.ഡി ആയി പ്രവർത്തിക്കുന്ന വിജയാനന്ദ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നില്ല. കൂടാതെ, പിണറായി സർക്കാർ ആറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാനായി നിയമിച്ചപ്പോൾ വേതനവും ഔദ്യോഗിക വാഹനവും വിജയാനന്ദ് സ്വീകരിച്ചിരുന്നില്ല. ട്യൂട്ടേഴ്സ് ലെയ്നിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിലെ ധനകാര്യ കമ്മീഷൻ്റെ ഓഫിസിലേക്ക് നടന്ന് വരുന്ന വിജയാനന്ദ് മറ്റുള്ളവർക്ക് ഒരു കൗതുകമായിരുന്നു. രണ്ടര കൊല്ലം കൊണ്ട് ധനകാര്യ കമ്മീഷൻ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചു.

എന്നാൽ ഇന്നുള്ളവർക്ക് ബാബുപോളും വിജയാനന്ദും മാതൃകകൾ അല്ല. അവർക്കൊക്കെ എബ്രഹാമും ജോയിയും ആണ് വഴി കാട്ടികൾ. ഖജനാവിനെ തൊരന്നു തിന്നുന്ന ജോലി അവർ നല്ല രീതിയിൽ തുടർന്ന് പോരുന്നു. എന്തായാലും കടമെടുക്കാൻ ബാലഗോപാൽ ഉള്ളപ്പോൾ അവർ എന്തിന് പേടിക്കണം അല്ലെ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments