നടിയെ ആക്രമിച്ച കേസില്‍ വിധി നവംബറില്‍ വാദം പൂര്‍ത്തിയായി; വിസ്തരിച്ചത് 261 സാക്ഷികളെ

Verdict in case of assault on actress in November

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൻ്റെ വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടായേക്കും.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. അന്ന് മുതല്‍ നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരമാണ് ഇന്ന് പൂര്‍ത്തീകരിച്ചത്. ആകെ 261 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1,600 രേഖകള്‍ കേസില്‍ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂര്‍ത്തിയായത്. ഇനി പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഈ മാസം 26 മുതല്‍ അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കും.

2017 ഫെബ്രുവരി രണ്ടിനാണ് അങ്കമാലിയില്‍ വെച്ച് ഓടുന്ന വാഹനത്തില്‍ യുവനടി ആക്രമണത്തിനിരയായത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ, ഡബ്ലിയുസിസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എട്ടാം പ്രതിയാക്കിയത്. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 86 ദിവസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ നടിയെ ആക്രമിച്ചു കേസിലെ കോടതി വിധി ഏറെ നിര്‍ണ്ണായകമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments