
ന്യൂ ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രിസ്ഥാനം നോട്ടമിട്ട് സ്‌മൃതി ഇറാനി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്‌മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തിൽ സജീവമായതാണ് ഇത്തരമൊരു പ്രവചനത്തിലേക്ക് രാഷ്ട്രീയ നിരീക്ഷകരെ നയിച്ചത്.
ബിജെപി സംസ്ഥാന നേതാക്കളില്‍ ചിലർ തന്നെ സ്മൃതി അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് പ്രവചിക്കുന്നുണ്ട്. അമേത്തിയിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 1,67,000 വോട്ടിനു കോൺഗ്രസ് സ്ഥാനാർത്ഥിയോട് തോറ്റ് തുന്നം പാടിയ സ്‌മൃതി ഇപ്പോൾ രാഷ്ട്രീയത്തിൽ പച്ചപിടിക്കാൻ ഡൽഹി നോട്ടമിട്ട് രംഗത്ത് വരുന്നതായാണ് റിപ്പോർട്ട്.
ഡല്‍ഹിയിലെ ബിജെപി പരിപാടികളിൽ ഇപ്പോള്‍ സ്‌മൃതി ഇറാനി സജീവമാണ്. സെപ്റ്റംബർ രണ്ടിന് തുടങ്ങിയ മെമ്പർഷിപ്പ് കാമ്പയിനിൽ അവർ സജീവമായിരുന്നു. മെമ്പർഷിപ്പ് കാമ്പയിൻ മേല്‍നോട്ട ചുമതലയാണ് സ്മൃതിയെ ഏല്‍പ്പിച്ചിരിക്കുന്നത്. മണ്ഡലത്തിൽ വീട് വാങ്ങി പ്രവർത്തനത്തിൽ സജീവമാകുന്ന ബിജെപി ടെക്നിക്ക് ഇവിടെയും ആരംഭിച്ച് കഴിഞ്ഞു. ദക്ഷിണ ഡല്‍ഹിയില്‍ സ്മൃതി ഇറാനി വീടും വാങ്ങിയിട്ടുണ്ട്.
ഒരു നേതാവിനെ മുൻനിർത്തി പോരാടിയാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ ഉയർത്തുന്ന കടുത്ത വെല്ലുവിളിയെ നേരിടാമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ കണക്കാക്കുന്നത്. 2020 ല്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെയാണ് ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മനോജ് തിവാരി, ബാൻസുരി സ്വരാജ്, വീരേന്ദ്ര സാച്ദേവ, പ്രവേഷ് വർമ്മ തുടങ്ങിയവരും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനം കാത്തിരിക്കുന്നവരാണ്.
മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ഇതുസംബന്ധിച്ച ചർച്ചകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാമ്യം ലഭിച്ച് പുറത്തുവന്ന കെജ്‌രിവാളിന് വീരോചിത സ്വീകരണമാണ് ആം ആദ്മി പ്രവർത്തകർ ഒരുക്കിയത്. എത്ര തന്നെ തകർക്കാൻ ശ്രമിച്ചാലും തകരില്ല എന്നായിരുന്നു പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാൾ ബിജെപിക്ക് നൽകിയ താക്കീത്.