കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയിൽ വനിതാ ഡോക്റ്റർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ സന്ദർശിച്ച് മമത ബാനർജി. സമരം ചെയ്യുന്ന സ്ഥലം സന്ദർശിക്കുമെന്ന മുന്നറിയിപ്പ് ഇല്ലാതെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥലത്തെത്തിയത്. ആവശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരാർ ആരായാലും നടപടിയെടുക്കുമെന്ന് അവർ സമരക്കാർക്ക് ഉറപ്പ് നൽകി.
ഡോക്ടര്‍മാരുടെ പ്രതിഷേധം കാരണം തൻ്റെ ഉറക്കം നഷ്ടപ്പെട്ടെന്നും മമത സമരക്കാരോട് സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ ദീദി എന്ന നിലയിലാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നതെന്നും അവർ പറഞ്ഞു. നിങ്ങളുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ദയവ് ചെയ്ത് നിങ്ങള്‍ ജോലിയിലേക്ക് മടങ്ങണമെന്നും മമത അഭ്യർത്ഥിച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള തൻ്റെ അവസാന ശ്രമമാണിതെന്നും അവർ പറഞ്ഞു.
തൃണമൂൽ എംപി ജവഹർ സിർകാർ സർക്കാർ കേസ് അന്വേഷണത്തിൽ മെല്ലെപോക്ക് നയം സ്വീകരിച്ചു എന്നാരോപിച്ച് രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മമത നേരിട്ട് സമരക്കാരെ സന്ദർശിച്ചത്. വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനമാണ് സർക്കാർ നേരിട്ടത്. ആർ ജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായ വനിതാ ഡോക്റ്ററുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നാണ് കണ്ടെടുത്തത്. ഇത് ഉന്നതരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ശക്തമാകാൻ കാരണമായി.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിക്കും എന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കും എന്നും മമത സന്ദർശനത്തിനിടെ വ്യക്തമാക്കി.
അതേസമയം ചര്‍ച്ചകള്‍ നടക്കുന്നതുവരെ തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്റ്റർമാരുടെ സമരം.
ചർച്ചകൾ സുതാര്യമായിരിക്കണം എന്ന നിലപാടിലും ഡോക്റ്റർമാർ ഉറച്ചുനിന്നു. സംസ്ഥാന സര്‍ക്കാരും ഡോക്ടര്‍മാരും തമ്മില്‍ ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും ചര്‍ച്ചകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് ചർച്ച വൈകുകയാണ്.