ഇന്ന് ഒന്നാം ഓണം. മലയാളികളുടെ പൊന്നിന്‍ തിരുവോണത്തിലേക്കുള്ള ഒരുക്കങ്ങള്‍ക്കായുള്ള ഓട്ടവും ഇന്നാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഉത്രാടപ്പാച്ചില്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ ഓട്ടത്തിനൊടുവില്‍ മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കും. അത്തം മുതല്‍ ഓണവിപണി സജീവമായിരുന്നെങ്കിലും ശനിയാഴ്ച തിരക്ക് അതിൻ്റെ പാരമ്യത്തിലെത്തും. പല വസ്ത്രവില്‍പ്പന സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള റോഡുകളും അത്തം തുടങ്ങിയത് മുതല്‍ ഗതാഗതകുരുക്കിലാണ്. കേരളത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും അങ്ങാടികളിലും എല്ലാം ഇന്ന് കാലെടുത്ത് കുത്താന്‍ പോലും പറ്റാത്ത തിരക്കായിരിക്കും. തിരുവോണത്തെ വരവേല്‍ക്കാനും ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും നാടും നഗരവും ഒരുങ്ങുന്ന ദിനമാണ് ഉത്രാടം.
തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ എല്ലാം വാങ്ങിക്കുന്നത് ഇന്നായിരിക്കും. അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഉത്രാടം. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ ഒമ്പത് കൂട്ടം കറികള്‍ ഒരുക്കി വിഭവ സമൃദ്ധമായ സദ്യ ഉത്രാടദിനത്തില്‍ ഒരുക്കാറുണ്ട്. മാത്രമല്ല അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലിലെ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നതും ഉത്രാടദിനത്തിലാണ്.
തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കുന്നതിനൊപ്പം തിരുവോണ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കാറുണ്ട്. പുളിയിഞ്ചി, വിവിധ തരം അച്ചാറുകള്‍, എന്നിവയെല്ലാം ഉത്രാദിനത്തിനെ രാത്രിയിലാണ് ഒരുക്കുന്നത്. മാത്രമല്ല സദ്യയിലേക്ക് ആവശ്യമായ അവിയല്‍, ഓലന്‍, പച്ചടി, സാമ്പാര്‍ തുടങ്ങിയവക്കാവശ്യമായ പച്ചക്കറികളെല്ലാം മുറിച്ച് ഒരുക്കി വെക്കുന്നതും ഉത്രാടദിനത്തിലാണ്.
ഉത്രാടദിനത്തിലെ പൂക്കളത്തിനും ചില സവിശേഷതകളുണ്ട്. ചിലയിടങ്ങളില്‍ വലിയ പൂക്കളത്തിനൊപ്പം മണ്ണു കൊണ്ടു തൃക്കാക്കരയപ്പൻ്റെ രൂപം ഉണ്ടാക്കി വെക്കും. ഉത്രാട ദിവസം രാത്രിയാകുമ്പോഴേക്ക് തിരുവോണ ദിനത്തിലിടേണ്ട പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങും. ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടാറുള്ളത്. ഉത്രാട ദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാട വിളക്ക് തയാറാക്കുന്നവരും ഉണ്ട്.മാവേലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഓണത്തപ്പന്‍മാരെ ഒരുക്കുന്നതും ഈ ദിവസം തന്നെയാണ്. അതേസമയം ക്ഷേത്രങ്ങളിലും ഉത്രാട ദിനത്തില്‍ പലതരത്തിലുള്ള ആഘോഷങ്ങള്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ വാഴക്കുലകള്‍ കാഴ്ച വെക്കും. ഇതിനെയാണ് ഉത്രാടക്കാഴ്ചയെന്ന് വിളിക്കുന്നത്.