ആലപ്പുഴ; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒന്‍പതു വയസുകാരിക്ക് വയറിന് നടത്തിയ ശസ്ത്രക്രിയയില്‍ വയറിനകത്ത് നിന്ന് പുറത്തെടുത്തത് 127 സെന്റി മീറ്റര്‍ നീളത്തിലുള്ള മുടി കെട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. കുട്ടിക്ക് നിരന്തരമായി വയറു വേദനയും ഛര്‍ദ്ദിയും ഉണ്ടാകുമായിരുന്നു. വയറ്റില്‍ തടിപ്പും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ട്രൈക്കോബെസോര്‍ എന്ന അപൂര്‍വ രോഗം ആണെന്ന് കണ്ടെത്തി. അള്‍ട്രാ സൗണ്ട്, സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി തുടങ്ങിയ പരിശോധനയിലാണ് ഇത് വെളിവാകുന്നത്. ആമാശയത്തില്‍ രോമങ്ങള്‍ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോര്‍’ എന്ന് പറയുന്നത്.
ഹെയര്‍ ബോള്‍ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂല്‍, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറില്‍ ഹെയര്‍ബോള്‍ ആമാശയത്തില്‍ ഒതുങ്ങുന്നവയാണെന്നും എന്നാല്‍ ഒന്‍പതുവയസുകാരിക്ക് ചെറുകുടലിലേക്ക് വ്യാപിച്ച തരത്തിലാണ് ഉണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.