ന്യു ഡൽഹി: രാജ്യത്ത് അഭിഭാഷകരുടെ അഭാവത്തിൽ കേസുകൾ കെട്ടി കിടക്കുന്നതായി റിപ്പോർട്ട്. നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (NJDG) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2024 സെപ്തംബർ 14 വരെ, ഇന്ത്യയിലെ ജില്ലാ കോടതികളിൽ മൊത്തം 66,59,565 സിവിൽ, ക്രിമിനൽ കേസുകൾ അഭിഭാഷകരുടെ അഭാവത്താൽ വൈകുന്നതായാണ് റിപ്പോർട്ട്.
എൻജെഡിജെ കണക്കുകൾ പ്രകാരം ഇതിൽ 5 ലക്ഷത്തിലധികം ക്രിമിനൽ കേസുകളാണെന്നത് സംഭവത്തിൻ്റെ ഗൗരവ സ്വഭാവം വ്യക്തമാക്കുന്നു. കക്ഷികളെ പ്രതിനിധീകരിക്കാൻ അഭിഭാഷകർ കോടതിയിൽ എത്താത്തതാണ് ഇത്രയധികം കേസുകൾ വൈകാൻ കാരണമെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. അടിക്കടിയുള്ള അപ്പീലുകൾ, അഭിഭാഷകർ എത്താത്തത്, കേസ് രേഖകൾ ലഭ്യമാകാത്തത്, ഹൈക്കോടതിയോ സുപ്രീം കോടതിയോ സ്റ്റേ ചെയ്യുന്നത് തുടങ്ങി മറ്റ് കാരണങ്ങളും കേസ് വൈകാൻ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രതികൾ ഒളിവിലുള്ളതിനാൽ 38 ലക്ഷം കേസുകൾ വൈകുകയാണ്. അതേസമയം സാക്ഷികൾ ഹാജരാകാത്തത് കാരണം 2,920,033 കേസുകളും, സ്റ്റേ ചെയ്ത കേസുകൾ 2,462,051 ആണെന്നും റിപ്പോർട്ട് പറയുന്നു. കക്ഷികൾക്ക് താൽപ്പര്യമില്ലാത്തതിനാൽ 8 ലക്ഷത്തിലധികം കേസുകളും വൈകുന്നതായാണ് റിപ്പോർട്ട്.
ഈ കണക്കുകൾ നമ്മുടെ കെട്ടി കിടക്കുന്ന കേസുകൾ തീർക്കുന്നതിൽ അഭിഭാഷകരുടെ പങ്ക് എത്ര വലുതാണെന്ന് ഓർമിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ കേസുകൾ വൈകുന്നത് സംബന്ധിച്ച് സുപ്രിം കോടതി നടത്തിയ നിരീക്ഷണത്തിൽ അഭിഭാഷകർക്ക് കെട്ടി കിടക്കുന്ന കേസുകൾ തീർക്കുന്നതിലെ പങ്ക് വലുതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനായി അഭിഭാഷകർ സഹകരിക്കണമെന്നും കോടതി ഓർമിപ്പിച്ചിരുന്നു.
കേസുകൾ വാദിക്കാൻ അഭിഭാഷകരെത്താത്തത് സുപ്രീം കോടതിയുടെ മുന്നിലും ഒരു പ്രശ്നമാണെന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ജസ്റ്റിസ് എം ആർ ഷാ വെളിപ്പെടുത്തിയിരുന്നു. ദിവസേന ക്രിമിനൽ കേസുകൾ മാറ്റി വയ്ക്കാനുള്ള 5 മുതൽ 6 വരെ അപേക്ഷകൾ എത്തുന്നതായും, വ്യക്തിപരമായ കാര്യങ്ങൾ കാണിച്ചാണ് അപേക്ഷിക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു.
ഹർജി സമർപ്പിക്കുന്നതിന് മുൻപ് കടക്കുന്നതിന് മുൻപ് തന്നെ കഴിവതും കേസുകൾ ഒത്തുതീർപ്പ് ആക്കാൻ ശ്രമിക്കണമെന്നും മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ മുൻപ് പറഞ്ഞിരുന്നു.
അതേസമയം കൊല്ലങ്ങളായി കോടതികളിൽ കെട്ടി കിടക്കുന്ന കേസുകളുടെ എണ്ണവും കുറവല്ല. ഏകദേശം 99,000 കേസുകൾ ജില്ലാ കോടതികളിൽ 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഫയൽ ചെയ്യപ്പെട്ട കേസുകളിൽ 2 കോടിയിലധികം തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. ഹൈക്കോടതികളിൽ 59,61,088 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു, അതിൽ 76,000 എണ്ണം 30 വർഷത്തിലധികം പഴക്കമുള്ളതാണ്.
നിലവിൽ 67,390 കേസുകൾ സുപ്രീം കോടതിയിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്, ഇതിൽ 21 എണ്ണം മാത്രമാണ് 30 വർഷത്തിന് മുകളിൽ പഴക്കമുള്ള കേസുകൾ.