ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ വൈരമുത്തു.
എല്ലാ മേഖലയിലും സമാന കമ്മിറ്റി വരണമെന്നും സിനിമയിൽ മാത്രമായി നടപടികൾ ഒതുങ്ങിപ്പോകരുതെന്നും വൈരമുത്തു തുറന്നടിച്ചു. പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റി. സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു. ഗായിക ചിൻമയി അടക്കമുള്ളവർ വൈരമുത്തുവിനെതിരെ നേരത്തെ മീടൂ ആരോപണം ഉന്നയിച്ചിരുന്നു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാളത്തിലെ അടക്കം സൂപ്പർ താരങ്ങളുടെ മൗനത്തെ പരിഹസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയിരുന്നു. പണവും ഡയലോഗുകളും നൽകിയാൽ സ്ത്രീകൾക്കായി സംസാരിക്കാൻ സൂപ്പർ താരങ്ങൾ തയ്യാറായേക്കുമെന്ന് ചിന്മയി തുറന്നടിച്ചു. വേട്ടക്കാർക്കൊപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചിന്മയി ഏഷ്യാനെറ്റ് ന്യൂസിലൂടെ ആവശ്യപ്പെട്ടു