NationalNews

സഹോദരന്‍റെ ജോലിക്കാരിയെയും പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി മകന് വീഡിയോ അയച്ചുകൊടുക്കുമെന്നു ഭീഷിണിപ്പെടുത്തി

ബെംഗളൂരു: നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജെഡിഎസ് നേതാവും മുന്‍ ലോക്സഭാ എംപിയുമായ പ്രജ്വല്‍ രേവണ്ണ സഹോദരന്‍ സൂരജിന്‍റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമർപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

2021ലാണ് സംഭവം. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദ സൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളനർസിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്‍ സൂരജിൻ്റെ ഗന്നിക്കോട ഫാം ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്. സംഭവദിവസം ഫാം ഹൗസിലെത്തിയ പ്രജ്വല്‍ സ്ത്രീയോട് കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു. പതിവു പോലെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ മകന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട സ്ത്രീ വര്‍ഷങ്ങളോളം സംഭവത്തെക്കുറിച്ച്‌ ആരോടും പറഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രജ്വലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഫാം ഹൗസ് സന്ദർശനത്തിനിടെ പ്രജ്വല്‍ നിരവധി തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പിതാവ് എച്ച്‌ഡി രേവണ്ണയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടില്‍ ജോലിക്കായി ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടെ വച്ചും പ്രജ്വല്‍ ആക്രമിച്ചതായി സ്ത്രീ വ്യക്തമാക്കുന്നു.

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മേയ് 31ന് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിൻ്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോർഡ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകള്‍.

അതേസമയം മറ്റൊരു കേസില്‍ പ്രജ്വലിന്‍റെ സഹോദരന്‍ സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്‍റെ ഫാം ഹൗസില്‍ വച്ച്‌ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സൂരജിന്‍റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *