തിരുവനന്തപുരം: ഓണക്കാലത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടമെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ് സർക്കാർ വീണ്ടും പണം കടമെടുക്കുന്നത്. ഈ വർഷത്തെ സർക്കാരിൻ്റെ ഓണച്ചിലവ് 15,000 കോടിയിലേക്ക് അടുക്കുകയാണ്. പതിവ് ശമ്പളം, പെൻഷൻ എന്നിവയ്ക്ക് പുറമേ ബോണസ്, മറ്റ് ആനുകൂല്യങ്ങൾ, ക്ഷേമപെൻഷൻ എന്നിവയ്ക്ക് വേണ്ടിയാണ് ഇത്രയും അധികം തുക ചിലവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർവരെ ഇനി 1200 കോടി രൂപ മാത്രമേ സർക്കാരിന് കടമെടുക്കാൻ കേന്ദ്രത്തിൻ്റെ അനുവാദം ഉള്ളൂ. 1500 കോടി രൂപ കടമെടുക്കുന്നതിനുള്ള കടപ്പത്രങ്ങളുടെ ലേലം 17 ന് റിസർവ്വ് ബാങ്കിൻ്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വർഷത്തേയ്ക്ക് ആണ് കടപ്പത്രങ്ങൾ പുറപ്പെടുവിച്ചത്. ഡിസംബർ വരെയുള്ള ചിലവുകൾക്കായി 21, 253 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഇത് അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിക്കുകയായിരുന്നു. പിന്നീട് 4200 കോടി കൂടി അനുവദിച്ചു. ഇതിൽ 1500 കോടി കേരളം നേരത്തെ കടമായി എടുത്തിരുന്നു.