കോട്ടയം: ട്രെയിനില്‍ ടി.ടി.ഇ. വേഷം ധരിച്ച് പരിശോധന നടത്തിയ യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തി (42) നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്സ്പ്രസിലായിരുന്നു ഈ വിചിത്രമായ സംഭവം.
ട്രെയിന്‍ കൊല്ലത്തെത്തിയപ്പോഴാണ് ഇങ്ങനെയൊരാള്‍ ടി.ടി.ഇ.യുടെ വേഷത്തില്‍ പരിശോധന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐ.ഡി. കാര്‍ഡും ധരിച്ചിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടി.ടി.ഇ., സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളം തെളിഞ്ഞത്.
ഇതിന് പിന്നാലെ യഥാര്‍ഥ ടിടിഇ വിവരമറിയിച്ചതിന് പിന്നാലെ തീവണ്ടി കോട്ടയത്തെത്തിയപ്പോള്‍ റെയില്‍വേ എസ്.ഐ. റെജി പി. ജോസഫിൻ്റെ നേതൃത്വത്തില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ താന്‍ ഹോം നഴ്സായി ജോലി ചെയ്യുകയാണെന്നും നിരന്തരമുള്ള യാത്രാസൗകര്യത്തിനായാണ് ടി.ടി.ഇ. വേഷം കെട്ടിയതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.