നിരവധി വിവാദങ്ങളും വിലക്കുകളും നേരിടേണ്ടിവന്ന നടനാണ് ഷെയ്ൻ നിഗം. പ്രത്യേകിച്ച് ലഹരി ഉപയോഗവും മാന്യമല്ലാത്ത പെരുമാറ്റവും കാരണം താരത്തിന് നിരവധി തവണ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഷെയ്നിനെ കൊണ്ട് പൊറുതിമുട്ടിയ നിർമ്മാതാക്കൾ താരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം ഉയർത്തിയത്.
ഇപ്പോഴിതാ, ഷെയ്ൻ നിഗത്തിന്റെ പ്രവർത്തികളെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്. ഒരു പ്രായത്തിൽ തെറ്റുകൾ ചെയ്തെന്ന് കരുതി പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടുള്ള നടപടി ശരിയല്ലെന്നാണ് സാന്ദ്ര തോമസിന്റെ വാദം. ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് നടനെ ന്യായീകരിച്ച് സാന്ദ്ര തോമസ് സംസാരിച്ചത്.
ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്. എത്രയോ നടന്മാർക്കെതിരെ എന്തെല്ലാം പ്രശ്നങ്ങൾ വരുന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ ? ഞാൻ തന്നെ പരാതികൾ നൽകിയിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നില്ല. എന്തുകൊണ്ട് ഷെയ്ൻ നിഗത്തിന്‍റെ മാത്രം കേസ് ഒരു വലിയ പ്രസ്മീറ്റ് നടത്തി അറിയിച്ചു ? കത്ത് ലീക്കായി. നമ്മൾ സംഘടനയ്‌ക്ക് നൽകുന്ന ഒരു കത്ത് എങ്ങനെയാണ് ലീക്കാവുന്നതെന്നും സാന്ദ്ര തോമസ് ചോദിക്കുന്നു.
ഒരു കുടുംബത്തിൽ തീർക്കേണ്ട കാര്യം കുടുംബത്തിൽ തന്നെ തീർക്കണം. നാട്ടുകാരെ വിളിച്ചുകൂട്ടി നാട്ടുകൂട്ടം ചേർന്ന് അവിടെ ഇരുത്തിയല്ല പരിഹാരം ഉണ്ടാക്കേണ്ടത്. പൊതുസമൂഹത്തിന്റെ മുൻപിൽ അവരെ നാണം കെടുത്തേണ്ട കാര്യമില്ല. അവർ ചെയ്തത് അവർക്ക് തെറ്റാണെന്ന് മനസ്സിലായാൽ മതി. മാധ്യമങ്ങളെ വിളിച്ചുകൂട്ടി ഷെയ്ൻ കഞ്ചാവാണെന്ന് പറഞ്ഞു. അവൻ കഞ്ചാവ് നിർത്തിയോ, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ഷെയ്നിനെ പറ്റി എല്ലാവർക്കും അറിയേണ്ടത്. കാരണം എല്ലാവരുടെയും മനസ്സിൽ അവന്റെ ഇമേജ് അതായി മാറിയെന്നും സാന്ദ്ര തോമസ് പറയുന്നു.
മകന്റെ പ്രായമുള്ള ഒരു പയ്യൻ. പ്രായമനുസരിച്ച് സ്വഭാവം മാറി മാറി വന്നേക്കാം. അവന്റെ ഒരു പ്രായത്തിൽ ചിലപ്പോൾ അങ്ങനെ ഉണ്ടായിരുന്നിരിക്കാം. അത് മാറാനുള്ള ഒരു സമയം കൊടുക്കേണ്ട ? ഇവിടെ ആർക്കാണ് ഇതെല്ലാം ഉണ്ടാവാതെ ഇരുന്നിട്ടുള്ളത് ? അന്ന് ഷെയ്ൻ കഞ്ചാവാണെന്ന് പറഞ്ഞ് പ്രസ് മീറ്റ് വിളിച്ചത് ഒരു ശരിയായ നടപടിയായി എനിക്ക് തോന്നിയിട്ടില്ല. ഇത് ഞാൻ അന്നും പറഞ്ഞിട്ടുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.