News

മറുക് നോക്കാൻ അഭിഭാഷകയെ വിഡിയോ കോളിൽ നഗ്നയാക്കി സൈബർ തട്ടിപ്പ്

മുംബൈ: അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി സൈബര്‍ തട്ടിപ്പ് സംഘത്തിൻറെ ഭീഷണി. കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയോട് തട്ടിപ്പുസംഘം വീഡിയോ കോളില്‍ നഗ്നയാകാൻ ആവശ്യപ്പെട്ടത്. പിന്നാലെ 50000 രൂപയും ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ 36-കാരിക്കാണ് സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍വീണ് പണം നഷ്ടമായത്.

കഴിഞ്ഞ ബുധനാഴ്ച ‘ട്രായി’ല്‍നിന്നാണെന്ന് പരിചയപ്പെടുത്തി അഭിഭാഷകയ്ക്ക് വന്ന ഫോണ്‍കോള്‍ ആണ് തട്ടിപ്പിൻറ്റെ തുടക്കം. താങ്കളുടെ പേരിലുള്ള സിംകാര്‍ഡും നമ്പറും ഒരു കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ സിംകാര്‍ഡ് ഉടന്‍ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു ഫോണ്‍സന്ദേശം. നടപടി ഒഴിവാക്കാൻ പൊലീസ് ‘ക്ലിയറന്‍സ്’ വാങ്ങണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.

തുടര്‍ന്ന് അന്ധേരി സൈബര്‍ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് ഫോണ്‍ കൈമാറി. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ അഭിഭാഷകയ്‌ക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. നടപടികളുടെ ഭാഗമായി വീഡിയോകോളില്‍ വരാനും സ്വകാര്യപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ വീഡിയോകോളില്‍ സ്വകാര്യപരിശോധനയ്ക്കായി വസ്ത്രം അഴിക്കണമെന്നായിരുന്നു ആവശ്യം. ആയുധം ഒളിപ്പിച്ചിട്ടുണ്ടോ എന്നും, കേസ് രജിസ്റ്ററിലെ അടയാളങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനാണ് നടപടി എന്നാണ് പറഞ്ഞത്. വനിതാ ഓഫീസറാകും വീഡിയോകോളില്‍ പരിശോധന നടത്തുകയെന്നും അഭിഭാഷകയെ വിശ്വസിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിയാണെന്ന് വിശ്വസിച്ച അഭിഭാഷക തട്ടിപ്പുകാരുടെ നിര്‍ദേശമനുസരിച്ച് വീഡിയോകോളില്‍ വിവസ്ത്രയായി. എന്നാല്‍, തട്ടിപ്പുസംഘം വസ്ത്രം മാറുന്ന ദൃശ്യങ്ങൾ റെക്കോര്‍ഡ് ചെയ്തിരുന്നു. പിന്നാലെ കേസ് ഒഴിവാക്കാൻ 50000 രൂപ അവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷക തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെ ഭർത്താവിനോട് കാര്യങ്ങൾ പറയുകയും കേസുമായി മുന്നോട്ട് പോകുകയുമായിരുന്നു.

പണം കൈമാറിയ അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ അക്കൗണ്ട് മരവിപ്പിക്കാനും നിര്‍ദേശം നല്‍കി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 1930 എന്ന സൈബർ സുരക്ഷാ സെല്ലിലോ, സംസ്ഥാന സൈബർ സുരക്ഷാ സെല്ലിലോ പരാതി നൽകാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *