ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഷ്ത്വാർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഛാത്രൂ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെയ്ദ്ഗാം ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇതിനിടെ ഇവർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേർ വിപൻ കുമാർ, ശിപായി അരവിന്ദ് സിംഗ് എന്നിവർക്ക് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റവർ സൈനിക ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില ത്യപ്തികരമെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിൻ്റ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.