ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പോലീസും നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് വടക്കൻ കശ്മീരിലെ പട്ടാൻ മേഖലയിൽ വച്ച് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായുള്ള ദൗത്യം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിലും രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ ഭീകരർ നിർമിച്ച സ്റ്റോറുകൾ സൈന്യം കണ്ടത്തി. അതേസമയം ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.