കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ മുഖവും അടിത്തറയുമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ഇന്ത്യയിലെ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് നയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എസ്എഫ്ഐ ദേശീയ നേതൃത്വത്തിലേക്ക് കടന്നുവരുന്നതോടെയാണ് യെച്ചൂരിയുടെ രാഷ്ട്രീയ വളർച്ചയുടെ തുടക്കം. മലയാളിയല്ലാത്ത ആദ്യത്തെ എസ്എഫ്ഐ ദേശീയ അധ്യക്ഷനായതോടെയാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്.
1984 ജനുവരിയിൽ എംഎ ബേബി എസ്എഫ്ഐ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും മാറിയ ശേഷം പകരക്കാരനായി വന്ന ആളായിരുന്നു യെച്ചൂരി. എസ്എഫ്ഐ ഏറ്റവും ശക്തി പ്രാപിച്ചിരുന്നത് കേരളത്തിലായിരുന്നത് കൊണ്ട് അതുവരെ ദേശീയ അധ്യക്ഷന്മാരെല്ലാം കേരളത്തിൽ നിന്നായിരുന്നു. അതിനൊരു മാറ്റം കുറിച്ച നേതാവ് കൂടിയാണ് സീതാറാം യെച്ചൂരി.
എസ്എഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് കേരള ഘടകം മുന്നോട്ട് വെച്ച പേര് സിപി ജോണായിരുന്നു. യച്ചൂരിയെ അധ്യക്ഷനാക്കണമെന്ന് ദേശീയ നേതാക്കളിൽ ചിലർ താൽപര്യം പ്രകടിപ്പിച്ചു. ഇഎംഎസ് ജോണിന് വേണ്ടി ശക്തിയുക്തം വാദിച്ചെങ്കിലും വിദ്യാർത്ഥി സംഘടനയുടെ ചുമതലയുണ്ടായിരുന്ന പോളിറ്റ് ബ്യുറോ അംഗം എം ബസവ പുന്നയ്യ യെച്ചൂരിക്ക് വേണ്ടി വാദിച്ചു. അങ്ങനെ യെച്ചൂരി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉദയം ചെയ്തു.
ഇത് സിപിഎമ്മിന് ഗുണം ചെയ്തു എന്ന് സിപി ജോൺ തന്നെ പറഞ്ഞിട്ടുമുണ്ട്. തന്നെക്കാൾ പ്രാപ്തനും യോഗ്യനും സീതാറാം യെച്ചൂരി ആയിരുന്നു എന്നും, പിന്നീട് കേരള ഘടകം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ യെച്ചൂരിക്ക് സ്വീകരണം ഒരുക്കിയതും ജോൺ ഓർത്തെടുത്തു. പി-പിന്നീട് ബദൽരേഖ കാലത്ത് സിപിഎം വിട്ട് സിഎംപിയിലെത്തുകയും അവിടെ ജനറൽ സെക്രട്ടറിയുമായ സിപി ജോൺ പറഞ്ഞു. അന്ന് അതൊരു നഷ്ടമായി തോന്നിയിരുന്നു എങ്കിലും യെച്ചൂരി ആ സ്ഥാനത്ത് എത്തിയത് നന്നായി എന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും രാഷ്ട്രീയത്തിൽ വഴിപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നും ജോൺ പറയുന്നു. തങ്ങൾ സുഹൃത്തുക്കൾ സീതാ എന്ന് വിളിക്കുന്ന സീതാറാം യെച്ചൂരിയോട് സിഗരറ്റ് വലി നിർത്തുന്ന കാര്യം പറയുന്നതും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഓർമിച്ചെടുത്തു. പുകവലി എന്നെയും കൊണ്ടേ പോകൂ എന്ന് യെച്ചൂരി മറുപടി പറഞ്ഞെന്നും ജോൺ പറയുകയുണ്ടായി. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ ചികിത്സയിലായിരുന്ന യെച്ചൂരി 72 ആം വയസിലാണ് ഡൽഹിയിൽ അന്തരിച്ചത്.
സീതാറാം യെച്ചൂരി, സി.പി. ജോൺ, എംഎ എന്നിവർ ഒന്നിച്ച് പ്രവർത്തിച്ച കാലവും ജോൺ ഓർത്തെടുത്തു. എസ്എഫ്ഐ ദേശീയ അധ്യക്ഷനായ ബേബി തിരക്കാകുമ്പോൾ അന്ന് സോവിയറ്റ് യൂണിയനുമായുള്ള ബന്ധം പോലും ഭദ്രമായിരുന്നത് യെച്ചൂരിയുടെ കൈകളിൽ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫിസിലൊക്കെ താമസിച്ച് ലളിത ജീവിതമായിരുന്നു യെച്ചൂരി നയിച്ചിരുന്നതെന്നും സിഎംപി നേതാവ് പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങളുടെയും ബദൽരേഖയുടെയും പേരിൽ എം.വി. രാഘവനൊപ്പം താൻ പാർട്ടി വിട്ടപ്പോൾ യച്ചൂരിക്കുണ്ടായ വിഷമവും ജോണിൻറ്റെ ഓർമ്മയിലുണ്ട്. സിപിഎം ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോഴും ഇരുവരും ഫോണിൽ എപ്പോഴും സംസാരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023 സെപ്റ്റംബറിൽ സിഎംപിയുടെ കോൺഫഡറേഷൻ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ ഒരുമിച്ച് വേദി പങ്കിട്ടിരുന്നതായും അദ്ദേഹം ഓർമ്മിച്ചു.