തൃശ്ശൂർ : ആകെ ഉപയോഗിക്കുന്നത് രണ്ട് ഫാനും രണ്ട് ബൾബും മാത്രം. എന്നിട്ടും കറണ്ട് ബില്ല് വരുന്നത് 6000 രൂപയോളം. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതനായ വസന്തകുമാറിനാണ് 6000 രൂപയോളം വരുന്ന കറണ്ട് ബില്ല് വന്നത്. പഞ്ചായത്തിന്റെ അതിദരിത്ര പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരനായ വയോധികനാണ് കെഎസ്ഇബി ഇത്തരം കുരുക്ക് കൊടുത്തത്.
മാസം മുന്നൂറിൽ താഴെ മാത്രമാണ് ബില്ല് വന്നിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ ഉയർന്ന ബില്ലാണ് വരുന്നത്. ആദ്യം 1400 രൂപയുടെ ബില്ലാണ് വന്നത്. അത് ഒരു വിധം അടച്ചെങ്കിലും കഴിഞ്ഞ മാസം ആറായിരം രൂപയുടെ ബില്ല് വരുകയായിരുന്നു. വീട്ടിൽ ആകെ രണ്ട് ഫാനും രണ്ട് ബൾബും മാത്രമാണ് ഉള്ളത്. പിന്നെ എങ്ങനെയാണ് ഇത്രയും ബില്ല് വന്നത് എന്ന് അറിയില്ല എന്നാണ് വസന്തകുമാർ പറയുന്നത്. ലോട്ടറി വിൽപ്പനക്കാരനായ ഇദ്ദേഹം കാലിൽ പഴുപ്പ് കൂടിയതിനെത്തുടർന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്.
സംഭവത്തെ തുടർന്ന് കെഎസ്ഇബിയിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ മീറ്ററിൽ നിന്ന് വൈദ്യുതി ഭൂമിയിലേക്ക് പ്രവഹിക്കുന്നതാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്തൊക്കെയായലും തുക അടയ്ക്കണം എന്ന് കെഎസ്ഇബി അറിയിച്ചു. ബില്ല് അടയ്ക്കാതെ വന്നതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഫ്യൂസ് ഊരുകയും ചെയ്തു.