ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ തലവനായി തുടരും; കാലാവധി നീട്ടി നല്‍കി സർക്കാർ

ലോക്നാഥ് ബെഹ്റയുടെ സേവന കാലാവധി നീട്ടണമെന്ന് പിണറായിക്ക് പുറമേ കേന്ദ്ര സർക്കാരിന്റെയും നിർദ്ദേശം

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി മുൻപോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകി സർക്കാർ.

വിരമിച്ചാലും കസേര ഒഴിഞ്ഞ് പോകാത്ത ഐഎഎസ് – ഐപിഎസുകാരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. മുഖ്യമന്തിയുടെ കാല് പിടിച്ച് ഏതെങ്കിലും കറങ്ങുന്ന കസേര ഇക്കൂട്ടർ ഒപ്പിക്കും. ആ കൂട്ടത്തിലെ പ്രമുഖനാണ് മുൻ ഡി.ജി.പി ലോകനാഥ് ബെഹ്റ.

സംസ്ഥാന പോലീസ് മേധാവിയുടെ കസേര ഒഴിഞ്ഞയുടനെ 2021 ആഗസ്ത് 27 ന് കൊച്ചി മെട്രോ എം.ഡി കസേരയിൽ പിണറായി ബെഹ്റയെ അവരോധിച്ചു. 3 വർഷത്തേക്കാണ് നിയമനം നൽകിയത്. 2024 ആഗസ്ത് 29 ന് ബെഹ്റയുടെ കാലാവധിയും കഴിഞ്ഞു. കസേരയിൽ നിന്ന് ഒഴിയാൻ ബെഹ്റ തയ്യാറായിട്ടില്ല.

നീട്ടി പിടിച്ച് ഒരു കത്ത് ബെഹ്റ സർക്കാരിന് എഴുതി. വേറൊന്നുമല്ല. തൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടണം. കൊച്ചി മെട്രോ റയിൽ പദ്ധതിയുടെ രണ്ടാം ഫേസും കൊച്ചി വാട്ടർ മെട്രോ പ്രൊജക്ടും നിർണായകഘട്ടത്തിലാണ് . അതുകൊണ്ട് എനിക്ക് ഒരു വർഷം കൂടി തരണം. I will do my best എന്നൊക്കെ ബെഹ്റ കത്തിൽ തട്ടി. പിണറായി അറിയാതെ ബെഹ്റ കത്ത് എഴുതില്ലല്ലോ! തുടർന്ന് പിണറായി മന്ത്രി ഗണേഷ്കുമാറിനെ വിളിച്ചു ബെഹ്റയുടെ കാലാവധി നീട്ടണമെന്ന് തിട്ടൂരം നൽകി.

കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ ബെഹ്റ ക്ക് ഒരു വർഷത്തെ കാലാവധി നീട്ടി ഉത്തരവും ഇറക്കി. 2025 ആഗസ്ത് 29 വരെ ബെഹ്റ കൊച്ചി മെട്രോ കസേര ഉറപ്പിച്ചു. കാലാവധി കഴിയുമ്പോൾ ബെഹ്റ വീണ്ടും കത്തെഴുതും. സർക്കാരിൻ്റെ കാലാവധി തീരുന്ന 2026 മെയ് വരെ കൊച്ചി മെട്രോ കസേര ബെഹ്റക്ക് തന്നെ എന്ന് ഉറപ്പിക്കാം. സ്വന്തം കസേരയുടെ കാലാവധി നീട്ടി കിട്ടാൻ കത്തെഴുതിയ ഉദ്യോഗസ്ഥൻ എന്ന പേരും ഇനി ബെഹ്റക്ക് സ്വന്തം. മാസം 5 ലക്ഷം രൂപ ശമ്പളവും ഇതിലൂടെ ബെഹ്റ ഉറപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments