തിരുവനന്തപുരം: മുന്‍ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച കേസിൽ ആളാണ് ചോദ്യം ചെയ്തത്. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞവർഷമാണ് ഈ കസ്റ്റഡി മരണം നടന്നത്.
പി.വി.അൻവർ എം.എൽ.എ.യുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിനെത്തുടർന്നാണ് ചോദ്യം ചെയ്യൽ. ഈ സംഭവത്തെ തുടർന്ന് പത്തനംതിട്ട മുൻ എസ്.പി.യായിരുന്ന സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും വൈരുധ്യവും പരിശോധിച്ചു എന്നാണ് റിപ്പോർട്ട്.
എസ് പിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയായ ഡാൻസാഫ് ആണ് താമിറിനെയും സംഘത്തെയും അറസ്റ്റുചെയ്തത്. എം.ഡി.എം.എ.യുമായി ഇവരെ താനൂരിൽനിന്ന് അറസ്റ്റുചെയ്തുവെന്നായിരുന്നു പോലീസ് ഭാഷ്യം. ചേളാരിയിലെ ഒരു വാടകമുറിയിൽനിന്നാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന് ജിഫ്രിയുടെ സുഹൃത്തുക്കൾ സി.ബി.ഐ.യ്‌ക്കു മൊഴിനൽകി. കസ്റ്റഡിയിൽ താമിർ ക്രൂരമായ പീഡനം അനുഭവിച്ചു എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിലുണ്ട്.