ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അമേരിക്കൻ പര്യടനം പൂർത്തിയാക്കി മടങ്ങുന്നത് കോടികളുടെ നിക്ഷേപം ഉറപ്പിച്ച്. രണ്ടാഴ്ച നീണ്ടുനിന്ന പര്യടനത്തിൽ 18 കമ്പനികളുമായി 7616 കോടിയുടെ നിക്ഷേപമാണ് തമിഴ് നാട്ടിലേക്ക് ഉറപ്പിച്ചത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു സ്റ്റാലിൻ അമേരിക്കയിൽ പര്യടനം നടത്തിയത്.
അമേരിക്ക ആസ്ഥാനമായ റാപ്പിഡ് ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് തമിഴ് നാട്ടിൽ നൂറ് കോടിയുടെ നിക്ഷേപം നടത്തും. അമേരിക്കൻ പര്യടനം അവസാനിക്കുന്ന ദിവസമാണ് സ്റ്റാലിൻറ്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചത്. വിവിധ വ്യവസായങ്ങളിൽ ഉടനീളമുള്ള ബിസിനസ്സ് സൊല്യൂഷനുകളുടെ വിതരണക്കാരായ കമ്പനി 100 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാനത്ത് പുതിയ യൂണിറ്റ് സ്ഥാപിക്കും. സെപ്തംബർ 12 ന് ചിക്കാഗോയിൽ എം കെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ കമ്പനി ചെയർമാനും സിഇഒയുമായ നനുവ സിംഗ് ആണ് ധാരണാപത്രം ഒപ്പുവച്ചത്. തമിഴ് നാട് വ്യവസായ മന്ത്രി ടി ആർ ബി രാജയും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. ഹൊസൂരിൽ പുതിയ പ്ലാൻറ്റ് സ്ഥാപിക്കാനാണ് പദ്ധതി.
മുഖ്യമന്ത്രി ഔദ്യോഗിക അമേരിക്കൻ പര്യടനത്തിനിടെ 18 കമ്പനികളുമായി 7,616 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു. ഇന്നലെ ചിക്കാഗോയിൽ നിന്ന് ചെന്നൈലേക്ക് മടങ്ങിയ അദ്ദേഹത്തിന് അമേരിക്കയിലെ തമിഴ് ജനത ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്.