തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനെയും നഷ്ട്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സായിലായിരുന്ന ജെൻസൺ സെപ്റ്റംബർ 11 ന് രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
ശ്രുതിയെ മകളെപ്പോലെ സംരക്ഷിക്കുമെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിൻ്റെ കത്ത് പൂർണ രൂപത്തിൽ;
വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ പെണ്‍കുട്ടിയാണ് ശ്രുതി. ഉറ്റവരെ നഷ്ടപ്പെട്ടതിൻറ്റെ വേദനയില്‍ നിന്നും കരകയറാന്‍ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ശ്രുതി ഒറ്റയ്ക്കായി.
കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള്‍ ശ്രുതിയെ ചേര്‍ത്തു പിടിക്കണം.
ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കത്തിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.