ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് നിരാശ

യാഷ് ദുബെയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്ത്യ ഡിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും 14 റണ്‍സെടുത്ത ദുബെയെ അക്വിബ് ഖാന്‍ മടക്കി

sanju samson

അനന്ത്പൂര്‍: ഇന്ത്യ എക്കെതിരെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്കായി അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്.

40 റണ്‍സോടെ മലയാളി താരം ദേവ്ദത്ത് പടിക്കലും 22 റണ്‍സോടെ റിക്കി ബൂയിയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ അതര്‍വ ടൈഡെയെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കി ഖലീല്‍ അഹമ്മദാണ് ഇന്ത്യ ഡിയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഖലീല്‍ അക്വിബ് ഖാന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ഡി ഞെട്ടി. യാഷ് ദുബെയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്ത്യ ഡിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും 14 റണ്‍സെടുത്ത ദുബെയെ അക്വിബ് ഖാന്‍ മടക്കി.

പിന്നീടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. ടീം സ്കോര്‍ 50 കടന്നതിന് തൊട്ടു പിന്നാലെ സഞ്ജു അക്വിബ് ഖാന്‍റെ പന്തില്‍ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 52-4ലേക്ക് ഇന്ത്യ ഡി കൂപ്പുകുത്തി. പിന്നീട് കൂടുചല്‍ നഷ്ടങ്ങളില്ലാതെ റിക്കി ബൂയിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്ത്യ ഡിയെ ലഞ്ചിന് പിരിയുമ്പോള്‍ 86 റണ്‍സിലെത്തിച്ചു.

മറ്റൊരു മത്സരത്തിൽ ഇന്ത്യ ബിക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ട് റണ്‍സോടെ വിജയ്കുമാര്‍ വൈശാഖും 56 റണ്‍സോടെ മാനസ് സുതാറുമാണ് ക്രീസില്‍. ഇന്നലെ പരിക്ക് മൂലം ബാറ്റ് ചെയ്യാതിരുന്ന റുതുരാജ് ഗെയ്ക്‌വാദ് 58 റണ്‍സെടുത്തു. അന്‍ഷുല്‍ കാംബോജ് 38 റണ്‍സുമായി തിളങ്ങി. ഇന്ത്യ സിക്കായി മുകേഷ് കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments