ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതിയാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
കേസിൽ വിശദമായ വാദം കേട്ടതിനെ തുടർന്നായിരുന്നു ജാമ്യം നൽകാനുള്ള കോടതിയുടെ തീരുമാനം. കേസിൽ അറസ്റ്റിലായി മാസങ്ങളായി കെജ്രിവാൾ ജയിലിൽ തുടരുകയായിരുന്നു. അതേസമയം, കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ നേതാവാണ് അരവിന്ദ് കെജ്രിവാൾ. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർക്കായിരുന്നു ഇതിന് മുൻപ് സമാന കേസിൽ ജാമ്യം ലഭിച്ചത്.
ഈ മാസം അഞ്ചിനായിരുന്നു സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. രണ്ട് വ്യത്യസ്ത ഹർജികൾ ആയിരുന്നു അദ്ദേഹം സമർപ്പിച്ചത്. ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അദ്ദേഹത്തിന് കനത്ത തിരിച്ചടി ആയിരുന്നു ലഭിച്ചത്. അതിനാൽ തന്നെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നതായിരുന്നു ഹർജികളിൽ ഒന്ന്. രണ്ടാമത്തെ ഹർജിയിൽ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെയും അദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു.