KeralaNews

വാഹനാപകടത്തെ തുടർന്ന് കോമയിലായ ഒമ്പത് വയസുകാരിക്ക് താങ്ങായി ഹൈക്കോടതി

കഴിഞ്ഞ ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതുവയസ്സുകാരിയായ ദൃഷാനയ്‌ക്ക് വേണ്ടി ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. വെള്ളിയാഴ്ച സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇന്ന് കേസിന്റെ പരിഗണന ആരംഭിക്കും.

2024 ഫെബ്രുവരി 17-ന് രാത്രി വടകര ചോറാട് അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും കാർ ​ഇടിച്ചിടുകയായിരുന്നു. ബേബി സംഭവസ്ഥലത്ത് മരിച്ചു. കണ്ണൂർ മേലെചൊവ്വയിൽ താമസിക്കുന്ന വടക്കൻ കോവിൽ സുധീർ-സ്മിത ദമ്പതികളുടെ മകളായ ദൃഷാന അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ദൃഷാനയുടെ തലയ്ക്ക് ഗുരുതര പരുക്ക് പറ്റിയതോടെഅവൾക്ക് ബോധം നഷ്ടമായത്.

ഈ അവസ്ഥ മൂലം കുട്ടിയുടെ ചികിത്സയ്‌ക്കായി വലിയ തുക ചെലവായിട്ടുണ്ട്. ദൃഷാനയുടെ ദുരവസ്ഥ മാധ്യമങ്ങളിൽ പുറത്തുവരുന്നതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസിന് കത്ത് എഴുതി, കോഴിക്കോട് ജില്ല ലീഗൽ സർവീസസ് അതോറിറ്റി, വിക്ടിം റൈറ്റ്സ് സെന്റർ എന്നിവയുടെ റിപ്പോർട്ടുകളും തേടിയിട്ടുണ്ട്.

.അപകടത്തിന് ഇടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇൻഷുറൻസ് തുക കിട്ടണമെങ്കിൽ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *