ഹാർദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തിയേക്കും

 നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍

hardik panday

മുംബൈ: നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍. ഓള്‍ റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക നീക്കം ഗംഭീറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോള്‍ ഉപയോഗിച്ച് ഹാർദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഹാര്‍ദ്ദിക് വീഡിയോ പോസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബറിലാണ് 30കാരനായ ഹാർദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്. അതിനുശേഷം 2019ല്‍ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാർദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്നായിരുന്നു ഹാർദിക് ഇത്രയും കാലം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കരുതെന്നും അത് ടീമിലെ മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നുമായിരുന്നു ഹാർദിക്കിന്‍റെ നിലപാട്.

എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റതോടെ നടത്തിയ നിര്‍ണായക നീക്കങ്ങള്‍ക്കൊടുവിലാണ് ഹാർദിക്ക് വീണ്ടും റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയാറെടുപ്പ് നടത്തുന്നത് എന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഹാർദിക്ക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് സന്തുലനം നല്‍കുമെന്നാണ് ഗംഭീര്‍ കരുതുന്നത്. ഹാർദിക്കിനെപ്പോലൊരു പേസ് ഓള്‍ റൗണ്ടര്‍ ടീമിലുണ്ടെങ്കില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവും. കരിയറില്‍ 11 ടെസ്റ്റുകളില്‍ മാത്രം കളിച്ചിട്ടുള്ള പാണ്ഡ്യ 523 റണ്‍സും 17 വിക്കറ്റും നേടിയിട്ടുണ്ട്.

ഈ മാസം 19 മുതല്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുന്ന ഇന്ത്യ അതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും കളിക്കും. ടി20 ടീമില്‍ ഹാര്‍ദ്ദിക്കുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ശാരീരികക്ഷമത തെളിയിക്കാതെ ഹാർദിക്കിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ബിസിസിഐയിലെ ചിലര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ പാണ്ഡ്യയെ ദുലീപ് ട്രോഫിയില്‍ കളിപ്പിക്കണമായിരുന്നുവെന്നും അവര്‍ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments