ഇപിയുടെ ഇൻഡിഗോ പിണക്കം മാറി; യെച്ചൂരിയെ അവസാനമായി കാണാൻ ഡൽഹിക്ക് പറന്നു

e p jayarajan

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഇൻഡിഗോ വിമാനത്തിൽ കയറി സിപിഎഎം നേതാവ് ഇ പി ജയരാജൻ. ഡൽഹിയിലേക്ക് കരിപ്പൂരിൽ നിന്നാണ് അദ്ദേഹം വിമാനത്തിൽ കയറിയത്. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇ പിയുടെ ഡൽഹി യാത്ര.

രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ പേരിൽ ഇൻഡിഗോ ഇ പിയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം ഇൻഡിഗോ വിമാനങ്ങളിലെ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇ പി ഇൻഡിഗോയോടുള്ള പിണക്കം മറന്നത്. ഇന്നലെ രാത്രി 10.30ന് ഡൽഹിയിലേക്കുള്ള വിമാനത്തിലാണ് അദ്ദേഹം കയറിയത്.

2022 ജൂൺ 13 നായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽവച്ച് മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇത് തടഞ്ഞതോടെ വിമാനത്തിനുള്ളിൽ സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്തു. ഇതോടെ ഇ പിയ്ക്ക് മൂന്നാഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചയും ഇൻഡിഗോ വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഇ പി വന്ദേഭാരത് ട്രെയിനിലാണ് യാത്ര ചെയ്തിരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments