News

ആലുവ എംഎൽഎയുടെ മകൾ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

എറണാകുളം: എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സൈബർ തട്ടിപ്പ് സംഘം ശ്രമിച്ചത്. അൻവർ സാദത്തിൻ്റെ മകൾ മയക്കുമരുന്നുമായി ഡൽഹിയിൽ പിടിയിലായി എന്നായിരുന്നു സംഘത്തിൻ്റെ ഭീഷണി. എംഎൽഎയുടെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

എംഎൽഎയുടെ മകൾ മയക്കുമരുന്നുമായി ഡൽഹി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എന്നാൽ തട്ടിപ്പ് തിരിച്ചറിഞ്ഞ എംഎൽഎ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ആലുവയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആണ് അൻവർ സാദത്ത്.

വെർച്വൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണംതട്ടുന്ന മറ്റൊരാൾ പൊലീസിന്‍റെ പിടിയിലായി. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി. 30 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഡൽഹി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

സൈബർ സംഘങ്ങളുടെ തട്ടിപ്പ് രാജ്യത്ത് വലിയ തോതിൽ വർധിച്ചു വരുന്നു എന്നതും ശ്രദ്ധേയമാണ്. സൈബർ ക്രൈമുകൾ നിയന്ത്രിക്കാൻ പ്രത്യേക സൈബർ കമൻഡോസിനെ നിയമിക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *