സീതാറാം യെച്ചൂരി പ്രായോഗിക രാഷ്ട്രീയത്തിന് മുൻതൂക്കം നൽകിയ നേതാവ്; വി ഡി സതീശൻ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

v d satheeshan and sitaram yechuri

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരി പിന്തുടർന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികത കണക്കിലെടുത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതിൽ കോൺഗ്രസിൻ്റെ നേതൃപരമായ പങ്കിനെ കുറിച്ചും യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ടെന്നും അദ്ദേഹം ഓർമിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാർക്കശ്യം അദ്ദേഹം തുടർച്ചയായി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഹർകിഷൻ സിംഗ് സുർജിത്തിന് ശേഷം രാജ്യം വലിയ തോതിൽ ശ്രദ്ധിച്ച സിപിഎം ജനറൽ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരിയെന്നും വി ഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സതീശൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments