എറണാകുളം: ബിഎ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവിന് എംഎയ്ക്ക് പ്രവേശനം നൽകി മഹാരാജാസ് കോളേജ്. ഇൻ്റഗ്രേറ്റഡ് കോഴ്സിലാണ് ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത്. അഞ്ച് വർഷ കോഴ്‌സിൽ ബിരുദം നേടാൻ വേണ്ട ആറാം സെമസ്റ്റർ പരീക്ഷ ആർഷോ പാസായിട്ടില്ല. ഇതിനിടെയാണ് ബിരുദാനന്തര ബിരുദത്തിന് തുല്യമായ ഏഴാം സെമസ്റ്റർ എഴുതാൻ കോളേജ് അധികൃതർ അനുവാദം നൽകിയിരിക്കുന്നത്.
അഞ്ചും ആറ് സെമസ്റ്റർ പരീക്ഷകൾ എഴുതാൻ 75 ശതമാനം ഹാജർ നിലയാണ് വിദ്യാർത്ഥികൾക്ക് വേണ്ടത്. എന്നാൽ വെറും 10 ശതമാനം മാത്രം ഹാജറാണ് എസ്എഫ്‌ഐ നേതാവിനുള്ളത്. ഇതെല്ലാം അവഗണിച്ച് ആർഷോയ്ക്ക് പ്രവേശനം നൽകിയിരിക്കുന്നത് പ്രിൻസിപ്പാളിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ആണെന്നാണ് സൂചന.
ബിരുദത്തിൽ 120 ക്രെഡിറ്റ് സ്‌കോറുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകാൻ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കിൽ സർട്ടിഫിക്കേറ്റ് വാങ്ങി കോഴ്‌സ് അവസാനിപ്പിക്കണം. എന്നാൽ ഈ നിയമമാണ് ആർഷോയ്ക്ക് വേണ്ടി തെറ്റിച്ചിരിക്കുന്നത്. ജൂണിന് മുൻപ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂർത്തിയാക്കണം എന്നായിരുന്നു സർക്കാർ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെ ആർഷോയുടെ കോഴ്‌സ് ഒഴികെയുള്ള മറ്റ് എല്ലാ കോഴ്‌സുകളുടെയും പരീക്ഷാ ഫലം അധികൃതർ പുറത്തുവിടുകയായിരുന്നു. ഇത് വലിയ വിവാദം ആയിരുന്നു.
എംജി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിൽ ആണ് മഹാരാജാസ് കോളേജിൻ്റെ പ്രവർത്തനം. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോനോമസ് കോളേജ് ആയതിനാൽ പ്രവേശനം, ഹാജർ, ക്ലാസ് കയറ്റം, പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയിൽ സർവ്വകലാശാലയ്ക്ക് യാതൊരു അനുമതിയും ഇല്ല.