സിപിഎമ്മിലെ കാവിവൽക്കരണം മുഖ്യൻ്റെ തണലിൽ; കെ സുധാകരൻ

ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഐഎം കാണുന്നതെന്നും അദ്ദേഹം എം വി ഗോവിന്ദൻ്റെ നിലപാട് ചൂണ്ടിക്കാട്ടി പറഞ്ഞു.

k sudhakaran and pinarayi vijayan

സിപിഎമ്മിലെ കാവിവൽക്കരണം മുഖ്യമന്ത്രി പിണറായി വിജയൻ്റെ തണലിലാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത് കുമാറിനെ മുഖ്യൻ സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഐഎം കാണുന്നതെന്നും അദ്ദേഹം എം വി ഗോവിന്ദൻ്റെ നിലപാട് ചൂണ്ടിക്കാട്ടി പറഞ്ഞു.

സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘടക കക്ഷികൾക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഎമ്മിന് വഴങ്ങേണ്ട ഗതികേടാണ്. സിപിഎമ്മിലും മുന്നണിയിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയിലാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം പ്രത്യയശാസ്ത്ര വെല്ലുവിളി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി ലിങ്ക് ഉണ്ടാക്കാന്‍ ആരെയും ആശ്രയിക്കേണ്ട ഗതികേടില്ലെന്നും സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിനെ ബന്ധപ്പെടാന്‍ സൗകര്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതിനെയും സുധാകരൻ പരിഹസിച്ചു. ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിൻ്റെ നേതാക്കളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചോദിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സിപിഎമ്മിൻ്റെ ഇരട്ടമുഖം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് വിചാരധാരയെ വഴികാട്ടിയായി സ്വീകരിക്കുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.

അജിത് കുമാറിനെപ്പോലെ സംഘപരിവാര്‍ ബന്ധമുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് സിപിഎമ്മിന് ഇപ്പോള്‍ ഘടക കക്ഷികളെക്കാള്‍ പ്രിയം. അതിനാലാണ് അദ്ദേഹം രമണ്‍ശ്രീവാസ്തവയെയും ലോക്‌നാഥ് ബെഹ്‌റയെയും പോറ്റിവളര്‍ത്തിയത് എന്നും സുധാകരൻ വിമർശിച്ചു. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ്. അതാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ മടിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments