
തിരുവനന്തപുരം: ഘടക കക്ഷികളേക്കാള്‍ എല്‍ഡിഎഫില്‍ സ്വാധീനം ആര്‍എസ്എസിനാണെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍എസ്എസിനെ വേദനിപ്പിക്കുന്നതൊന്നും പിണറായി വിജയന്‍ ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി എടുക്കില്ലെന്ന എൽഡിഎഫ് യോഗത്തിലെ നിലപാടിൻറ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിമർശനം കടുപ്പിച്ചത്. സിപിഐക്ക് മുന്നണിയില്‍ എന്തു വിലയാണുള്ളതെന്ന് അവര്‍ തന്നെ ആലോചിക്കട്ടെയെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
എ.ഡി.ജി.പി അജിത്കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിനാണെന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആര്‍.എസ്.എസ് നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറാകാതെ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി പറയുന്നത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അജിത്കുമാറിനെതിരെ നടപടി എടുത്താല്‍ അത് ആര്‍.എസ്.എസിനെ വേദനിപ്പിക്കും എന്നതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി മോശം ട്രാക്ക് റെക്കോർഡോ അഴിമതിയോ ഇല്ലാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുത്തു. ആഭ്യന്തര വകുപ്പിനെതിരെ പത്തു ദിവസമായി ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സത്യസന്ധനായ എസ്പിക്കെതിരെ നടപടിയെടുത്തത്. ആര്‍എസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും സത്യസന്ധനായ ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്യുന്നതാണോ മുഖ്യമന്ത്രി പൊലീസ് സേനയ്ക്ക് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പറഞ്ഞാലും ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തിലൂടെ നല്‍കിയത്. സിപിഐ സെക്രട്ടറി പുറത്ത് ആഞ്ഞടിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. പക്ഷെ അകത്ത് ചെന്നപ്പോള്‍ ആഞ്ഞടിച്ചോയെന്ന് അറിയില്ല എന്നും അദ്ദേഹം പരിഹസിച്ചു. യോഗത്തിൻറെ റിസള്‍ട്ട് വന്നപ്പോള്‍ സിപിഐയേക്കാള്‍ സ്വാധീനം ആര്‍എസ്എസിനാണെന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ ഏകാധിപത്യം സി.പി.എമ്മിനു മേല്‍ മാത്രമല്ല ഘടകകക്ഷികളുടെ നേര്‍ക്കും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ആര്‍.എസ്.എസിന്റെ പിന്തുണയോടെ 1977-ല്‍ കൂത്തുപറമ്പില്‍ നിന്നും ജയിച്ചു വന്ന പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നത്. 1989-ല്‍ ആര്‍എസ്എസുമായും ബിജെപിയുമായും സിപിഎമ്മിന് പരസ്യബന്ധമുണ്ടായിരുന്നു. മുഖ്യമന്ത്രി ആയതിന് ശേഷം ഒന്നാം നമ്പര്‍ കാര്‍ മാറി മാസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
നിങ്ങള്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലേയെന്ന് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ മറുപടി പറയാതെ കുനിഞ്ഞിരുന്ന ആളാണ് മുഖ്യമന്ത്രി.
ഗുരുതരമായ ആരോപണം ഉണ്ടായിട്ടും എഡിജിപിയും പി ശശിയും സ്ഥാനങ്ങളില്‍ തുടരുന്ന സാഹചര്യത്തില്‍ അന്വേഷണം എന്തൊരു പ്രഹസനമാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.