
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത ബിജെപി വിട്ടു; ഹരിയാനയിൽ വിമതയായി മത്സരിക്കും
ഒക്‌ടോബർ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ഹരിയാന ബിജെപിയിൽ വൻ പ്രതിസന്ധി. ഒ പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ കൂടിയായ സാവിത്രി ജിൻഡാൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ടു. ഹിസാർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രികയും സമർപ്പിച്ചു. ജിൻഡാൽ കുടുംബത്തിന് വലിയ സ്വാധീനമുള്ള ഹിസാർ മണ്ഡലത്തിൽ സാവിത്രി മത്സരിക്കുന്നത് ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ഹിസാർ മണ്ഡലത്തിൽ നിലവിലെ ബിജെപി സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ കമൽ ഗുപ്ത പത്രിക നൽകിയതിന് പിന്നാലെയാണ് സാവിത്രി ജിൻഡാലും അതെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്. രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിൽ സാവിത്രി ജിൻഡാൽ പ്രസിദ്ധയാണ്. ഇവരുടെ മകൻ നവീൻ ജിൻഡാൽ നിലവിൽ കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നാണ് നവീൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയത്. തുടർന്ന് അദ്ദേഹം രണ്ട് തവണ മത്സരിച്ച കുരുക്ഷേത്ര മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കുക ആയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഹിസാറിൽ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെയും മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെയും സാന്നിധ്യത്തിൽ സാവിത്രി ജിൻഡാലും ബിജെപിയിൽ ചേർന്നിരുന്നു.
മുൻപ് കോൺഗ്രസ് നിയമസഭാംഗവും മന്ത്രിയുമായിരുന്നിട്ടുള്ള സാവിത്രി, തൻ്റെ കുടുംബം പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുന്ന ഹിസാറിൽ നിന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ബിജെപി ടിക്കറ്റ് നിക്ഷേധിച്ചതോടെയാണ് അവർ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചത്.
താൻ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും, ബിജെപിയുമായി അകൽച്ച ഉണ്ടെന്നും അവർ പരസ്യമാക്കി. അതേസമയം കോൺഗ്രസിൽ നിന്ന് രാജി വെച്ചിട്ടില്ല എന്നും സാവിത്രി പറയുകയുണ്ടായി.
സാവിത്രിയുടെ ഭർത്താവും ജിൻഡാൽ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിൻഡാൽ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (1991, 2000, 2005) ഹിസാറിൽ നിന്ന് വിജയിച്ചിരുന്നു. 2005 ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുമ്പോൾ ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ അദ്ദേഹം മന്ത്രിയായിരുന്നു. ഭർത്താവിൻ്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
2005-ൽ ഓം പ്രകാശ് മരിച്ച ശേഷം ഹിസാറിൽ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച അവർ ഹൂഡ സർക്കാരിൽ മന്ത്രിയായി. 2009 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ഹിസാർ സീറ്റിൽ വിജയിക്കുകയും 2013 ൽ ഹൂഡ സർക്കാരിൽ വീണ്ടും മന്ത്രിയാകുകയും ചെയ്തു. 2014 നടത്തിയ തിരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്ന് തോറ്റിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര, ഹിസാർ മണ്ഡലങ്ങളിൽ അവർ പ്രചാരണത്തിൽ സജീവമായിരുന്നു. ഹിസാർ അസംബ്ലി സീറ്റിൽ നിന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ട് തവണ എംഎൽഎയും സെയ്‌നി ക്യാബിനറ്റിൽ മന്ത്രിയുമായിരുന്ന കമൽ ഗുപ്തയെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിച്ചത്. തുടർന്നാണ് അവർ സ്വതന്ത്രയായി മത്സര രംഗത്ത് വന്നത്.
കഴിഞ്ഞ 20 വർഷമായി ഞാൻ ജനസേവനത്തിന് പൊതുരംഗത്തുണ്ട്. ജനങ്ങളെ സേവിക്കാൻ എനിക്ക് ഒരവസരം നൽകണമെന്നായിരുന്നു സാവിത്രിയുടെ അഭ്യർത്ഥന. 2014ലെ തെരഞ്ഞെടുപ്പിൽ ഹിസാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സാവിത്രിയെ കമൽ ഗുപ്ത പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ അവർ ഗുപ്തയ്ക്ക് കടുത്ത പോരാട്ടം നൽകാനൊരുങ്ങുകയാണ് സാവിത്രി. രാം നിവാസ് രാരയാണ് ഹിസാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
ഹിസാറിലെ ജനങ്ങളുടെ നിർദേശ പ്രകാരമാണ് താൻ തെരഞ്ഞടുപ്പ് രംഗത്തേക്ക് വന്നതെന്നും, ഹിസാർ തനിക്ക് കുടുംബം പോലെയാണ് എന്നുമായിരുന്നു പത്രിക സമർപ്പണത്തിന് ശേഷം അവരുടെ പ്രതികരണം.