ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം; സച്ചിൻ്റെ റെക്കോർഡ് വിരാട് മറികടക്കുമോ

cricket

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ക്രിക്കറ്റില്‍ സജീവമാകുകയാണ്. സെപ്റ്റംബര്‍ 19-ാം തീയതിയാണ് ബംഗ്ലാദേശിനെിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോഹ്ലിയിലേക്കാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി എപ്പോഴും താരതമ്യത്തിന് വിധേയനാകാറുള്ള കോഹ്ലി സച്ചിൻ്റെ മറ്റൊരു റെക്കോര്‍ഡ് മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് കോഹ്ലി. ഇതിനായി വെറും 58 റണ്‍സ് കൂടി മതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ്ലിക്ക് സാധിക്കും. നിലവില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികച്ച താരമെന്ന റെക്കോഡ് സച്ചിൻ്റെ പേരിലാണ്. 623 (226 ടെസ്റ്റ് ഇന്നിങ്സ്, 396 ഏകദിന ഇന്നിങ്സ്, 1 ടി20) ഇന്നിങ്സുകളില്‍ നിന്നാണ് സച്ചിന്‍ 27,000 റണ്‍സ് തികച്ചത്. കോലിക്ക് 591 ഇന്നിങ്സുകളില്‍ നിന്നായി 26,942 റണ്‍സുണ്ട്.

അടുത്ത എട്ട് ഇന്നിങ്സുകള്‍ക്കുള്ളില്‍ 58 റണ്‍സ് നേടാന്‍ സാധിച്ചാല്‍ 147 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ 600 ഇന്നിങ്സിനുള്ളില്‍ 27,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോഹ്ലിയെ കാത്തിരിപ്പുണ്ട്. സച്ചിനെ കൂടാതെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27,000 റണ്‍സ് തികച്ച താരങ്ങള്‍. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലിയെ ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കാണാന്‍ സാധിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments