ഓണം റിലീസിനൊരുങ്ങുന്ന ചിത്രം ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിരിയും നർമവും ഒന്നിച്ചുള്ള ട്രെയിലർ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.
ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് പ്രജീവം മൂവീസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ബാലഗോപാലാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംവിധായകൻ ഷാജി കൈലാസിൻ്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസിൻ്റെ ആദ്യ ചിത്രം കൂടിയാണിത്. നായക വേഷത്തിലാണ് റുഷിൻ ചിത്രത്തിലെത്തുന്നത്. ഇനിയ, സുജിത് ശങ്കർ, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, രജിത് കുമാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.