ന്യൂഡൽഹി: ബസുകൾ, ആംബലുൻസുകൾ, ട്രാക്കുകൾ എന്നിവയുൾപ്പെടെ ഇലട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 14,335 കോടി രൂപയുടെ രണ്ട് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് വാർത്തവിനിമയ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 10,900 കോടി രൂപ അടങ്കലുള്ള പിഎം ഇ-ഡ്രൈവ്, 3,435 കോടി രൂപയിൽ പിഎം-ഇബസ് സേവാ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഇതിന് പുറമേ നിരവധി ഉപപദ്ധതികളും മേഖലയിൽ നടപ്പാക്കും. പുതിയ സംരംഭമായ ഇ-ആംബുലൻസുകൾക്കും ഇ-ട്രക്കുകൾക്കുമായി 500 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
പിഎം ഇ-ഡ്രൈവ്: വൈദ്യുതി വാഹനങ്ങൾക്കുള്ള നിലവിലുള്ള അനുകൂല്യങ്ങൾ തുടരുന്ന പദ്ധതിയാണിത്. 25 ലക്ഷം ഇരുചക്രവാഹനങ്ങൾ, 3 ലക്ഷം ഓട്ടോറിക്ഷകൾ, തുടങ്ങിയവയ്‌ക്ക് ഇതിലൂടെ സഹായം ലഭിക്കും. കൂടാതെ 14,028 ഇ- ബസുകൾക്ക് കിലോ വാട്ടിന് 10,000 രൂപവീതം ധനസഹായം നൽകും. 88,500 ചാർജിംഗ് സ്റ്റേഷനുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പിഎം ഇ- ബസ്: പദ്ധതിക്കായി 3,435 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 169 നഗരങ്ങളിൽ 38,000 ഇ- ബസുകൾ വാങ്ങുന്നതിന് സഹായം ലഭിക്കും.