സിപിഎമ്മും ആർ എസ് എസും തമ്മിലുള്ള ബന്ധമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. സിപിഎമ്മും ആർ എസ് എസും തമ്മിൽ കൂട്ടുകെട്ടുണ്ടെന്ന വി ഡി സതീശന്റെ വെളിപ്പെടുത്തൽ സിപിഎം അണികൾ പോലും ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല സിപിഎമ്മും ആർ എസ് എസും തമ്മിലുള്ള ബന്ധം. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയായ സി അച്യുത മേനോന്റെ നിയമ സഭ പ്രസംഗങ്ങൾ എന്ന പുസ്തകത്തിൽ ഇതിന് കൃത്യമായ തെളിവുണ്ട്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നമ്പൂതിരിപാടിനോട് നിയസഭയിൽ സി അച്യുതമേനോൻ ചോദിച്ച ചില ചോദ്യങ്ങൾ നോക്കിയാൽ അത് മനസിലാകും.
ഇ എം എസ് ആർ എസ് എസിനെ എതിർക്കുന്നുവെന്നു പറയുമ്പോഴും ഒരിക്കലും ആർ എസ് എസിനെ നിരോധിക്കാൻ അനുവദിച്ചിരുന്നില്ല. അതിന് കാരണമായി ഇ എം എസ് പറഞ്ഞതാണ് അതിലും വിശേഷം. നിരോധിച്ചാൽ ആർ എസ് എസ് ശക്തി പ്രാപിക്കുമെത്രെ. അതിനാൽ ആർ എസ് എസിനെ ഞങ്ങൾ എതിർക്കുമെങ്കിലും നിരോധിക്കരുത് എന്നായിരുന്നു ഇ എം എസിന്റെ ആവശ്യം. എന്നാൽ അത് എന്തുകൊണ്ടാണെന്നാണ് സി അച്യുതമേമോൻ ചോദിക്കുന്നത്.
എല്ലാക്കാലത്തും ആർ എസ് എസിനോട് ചേർന്ന് നിൽക്കാനായിരുന്നു സിപിഎമ്മും ഇ എം എസും ആഗ്രഹിച്ചിരുന്നത്. അടിയന്തരാവസ്ഥയുടെ ഭാഗമായി ആർ എസ് എസിനെ നിരോധിച്ചിരുന്നു. എന്നാൽ അതേസമയം തന്നെ ജമാ അത്തെ ഇസ്ലാമിയെയും മറ്റും ആ സമയത്ത് നിരോധിച്ചുന്നുവെങ്കിലും അതിനെ ഒന്നും ഇ എം എസ് എതിർത്തിരുന്നില്ല. അപ്പോൾ ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പിണറായി വിജയൻ മുതലല്ല ഇ എം എസ് മുതൽക്ക് തന്നെ സിപിഎം – ആർ എസ് എസ് അന്തർധാര സജീവമായിരുന്നു.
അതേസമയം, 1977 ല്‍ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത്. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ഗൂഗിളിൽ ലഭ്യമാണ്. കൂടാതെ, പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന് വോട്ട് തേടാൻ സാക്ഷാൽ എല്‍.കെ അദ്വാനി തന്നെ എത്തിയിരുന്നു.
അതോടൊപ്പം 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതും ചരിത്രമാണ്. അന്ന് വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൂടാതെ, തലശേരി കലാപത്തെകുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ല. അതുമായി ബന്ധപ്പെട്ട കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അതേസമയം, 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി കത്തയച്ച് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെങ്കിലും, അന്വേഷണം ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. കാരണം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് എന്ന ചോദ്യം ഇന്നും സമൂഹത്തിന് മുന്നില്‍ പ്രസക്തമായി നില്‍ക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല.
കൂടാതെ, ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ കേരളം മറക്കാനിടയില്ല. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും ചരിത്രം.
അതോടൊപ്പം ഭരണപക്ഷ എംഎല്‍എ ആയ കെ.ടി ജലീല്‍ ശ്രീ.എമ്മിനെ പുകഴ്ത്തി ഫെയ്ബുക്ക് പോസ്റ്റിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പ്രതിപക്ഷം ചോദിച്ചപ്പോഴോ മൗനം മാത്രമായിരുന്നു മറുപടി. കൂടാതെ, സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും എങ്ങുമെത്താതെ നില്‍ക്കുന്നതും ഈ ഒത്തുകളിയുടെ ഭാഗമല്ലേ എന്ന് പൊതുസമൂഹം ചോദിക്കുന്നുണ്ട്.
എന്തായാലും, തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ചത് സിപിഎം – ആർ എസ് എസ് അന്തര്‍ധാരയുടെ ഭാഗമായാണോ എന്ന സംശയം ഇതിനോടകം തന്നെ ബലപ്പെട്ടു കഴിഞ്ഞു. അതിനാൽ തന്നെ ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ എക്കാലവും പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.