ലോകകപ്പ് യോഗ്യത: അര്‍ജൻ്റീനയ്ക്ക് കാലിടറി! കൊളംബിയക്കെതിരെ തോല്‍വി

WORLD CUP

ബൊഗോട്ട: ലോകകപ്പ് യോഗ്യതയില്‍ അര്‍ജൻ്റീനയ്ക്ക് കാലിടറി. കൊളംബിയക്കെതിരെ മെസിയില്ലാതെ ഇറങ്ങിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിൻ്റെ വകയായിരുന്നു അര്‍ജൻ്റീനയ്ക്ക് ഏകഗോള്‍. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.

കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജൻ്റീനയ്ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജൻ്റീനയായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് ഗോള്‍വര കടത്തുന്നതില്‍ മാത്രം പരാജയപ്പെട്ടു. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മൊസക്വറയുടെ ഗോളില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസിൻ്റെ അസിസ്റ്റിലായിരുന്നു മൊസ്‌ക്വറ ഗോള്‍ നേടിയത്. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു. 

രണ്ടാംപാതി ആരംഭിച്ചയുടനെ അര്‍ജൻ്റിന ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഗോണ്‍സാലിൻ്റെ ഗോളാണ് അര്‍ജൻ്റീനയ്ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അര്‍ജൻ്റീനയുട ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗസിൻ്റെ പെനാല്‍റ്റി ഗോളില്‍ കൊളംബിയ ലീഡെടുത്തു. അവസാന 30 മിനിറ്റുകളില്‍ അര്‍ജൻ്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല. തോറ്റെങ്കിലും അര്‍ജൻ്റിന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിൻ്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിൻ്റോടെ കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിൻ്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments