മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർക്ക് 2024 ഭാഗ്യവർഷമാകുമെന്നാണ് വിലയിരുത്തൽ. എന്തെന്നാൽ മഞ്ജു വാര്യരുടെ പിറന്നാൾ തലേന്ന് അതായത് ഇന്നലെ, റിലീസിനൊരുങ്ങുന്ന വോട്ടയനിലെ മനസ്സിലായോ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വേട്ടയാൻ ചിത്രവും ഗാനം പോലെ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. കൂടാതെ 2024 ൽ മഞ്ജു വാര്യരുടെ മറ്റൊരു പ്രതീക്ഷ നൽകുന്ന ചിത്രമാണ് ഏമ്പുരാൻ. കാരണം ലൂസിഫർ കേരളത്തിലടക്കം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. കൂടാതെ പൃഥ്വിരാജിന്റെ സംവിധാനവും മോഹൻലാലും ഒപ്പം മഞ്ജുവും എത്തുമ്പോൾ പ്രതീക്ഷ വാനോളമാണ്.
എന്നാൽ, 2024 മഞ്ജു വാര്യർക്ക് ഭാഗ്യ വർഷമാകുമെന്ന് പറയുന്നുണ്ടെങ്കിലും തിരിച്ചു വരവിനു ശേഷം ചില വിജയങ്ങളൊഴിച്ചാൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവച്ച മഞ്ജു വാര്യർ 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു വാര്യർ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നാലെ നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. എന്നാൽ 14 വർഷങ്ങൾക്കു ശേഷം 2014- ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെയാണ് വിവാഹമോചനത്തിന് ശേഷം മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്.
ഹൗ ഓൾഡ് ആർ യൂ വലിയ ഹിറ്റായില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്ന് ലാലേട്ടനൊപ്പം എന്നും എപ്പോഴും എന്ന ചിത്രത്തിലെത്തിയെങ്കിലും സിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് റാണി പത്മിനി, ജോ ആൻഡ് ദി ബോയ്, പാവാട, വേട്ട, കരിങ്കുന്നം സിക്സസ്, കെയർ ഓഫ് സൈറാബാനു തുടങ്ങിയ ചിത്രങ്ങൾ രണ്ടു വർഷത്തിനിടയിൽ ഇറങ്ങിയെങ്കിലും അത്ര വലിയ വിജയമൊന്നും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് നല്കാൻ കഴിഞ്ഞില്ല. 2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ താരം തന്റെ ഇമേജ് തിരിച്ചുപിടിച്ചെങ്കിലും വീണ്ടും ഓടിയനടക്കം ബോക്സ് ഓഫിസിൽ എട്ടുനിലയിൽ പൊട്ടി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മാത്രമാണ് തിരിച്ചു വരവിൽ മഞ്ജു വാര്യർ നൽകിയ ഏക സൂപ്പർ ഹിറ്റ്.
ഇതിനിടയിൽ താരം മലയാളത്തിൽ നിന്ന് തമിഴിലേക്ക് കാലെടുത്തു വച്ചെങ്കിലും അവിടെയും ശോഭിക്കാനായില്ല. എന്നാൽ ധനുഷിനൊപ്പം ചെയ്ത അസുരൻ എന്ന ചിത്രം ഹിറ്റായില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്ന് തല അജിത്തിനോടൊപ്പം തുനിവിൽ എത്തിയെങ്കിലും വിജയ്‌യുടെ വാരിസിൽ അതും മങ്ങി. അതിനു ശേഷമാണു ഇപ്പോൾ രജനികാന്തിനൊപ്പം വേട്ടയാനിൽ മഞ്ജു വാര്യർ എത്തുന്നത്. അതിനാൽ തന്നെ വേട്ടയാൻ മഞ്ജു വാര്യരുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നിലനിർത്തുമോ എന്നാണ് ഇനി അറിയേണ്ടത്.