നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ് നമ്മുടെ മൊബൈല്‍ ഫോണുകള്‍. മൊബൈലിന് പലപ്പോഴും ഒരു വില്ലൻ്റെ പരിവേഷം ഉണ്ടാകാറുണ്ട്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം പ്രായഭേദമന്യേ പല അപകടങ്ങളും വിളിച്ചു വരുത്തുമെന്നും ആരോഗ്യപരമായ പല വെല്ലുവിളികള്‍ക്കും കാരണമാകുമെന്നും പല പഠനങ്ങള്‍ പുറത്ത വരികയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പല പൊളിച്ചെഴുത്തലുകളും ഇനി നടക്കാവുന്നതാണ്. മൊബൈല്‍ ഫോണിൻ്റെ ഉപയോഗം ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന ധാരണ ഇവിടെ തകര്‍ത്തിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം. മൊബൈല്‍ ഫോണ്‍ വില്ലനല്ലായെന്നും കൂടെ കൂട്ടുന്നതിന് ഇനി ആരും പേടിക്കേണ്ടായെന്നും പഠനത്തിലൂടെ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടന കുറെ വര്‍ഷങ്ങളാായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രെയിന്‍ ക്യാന്‍സറിന് മൊബൈല്‍ ഫോണ്‍ വില്ലനല്ല എന്ന് തെളിഞ്ഞിരിക്കുന്നത്. കുട്ടികളിലെയും മുതിര്‍ന്നവരിലേയും തലച്ചോറിലെ ക്യാന്‍സര്‍, പിറ്റിയൂട്ടറി ഗ്രന്ഥി, ഉമിനീര്‍ ഗ്രന്ഥി, ചെവി എന്നിവിടങ്ങളിലെ ക്യാന്‍സറുകള്‍ എന്നിവയെക്കുറിച്ചായിരുന്നു പഠനം. മൊബൈല്‍ ഉപയോഗം വ്യാപകമായിട്ടും ബ്രെയിന്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ആനുപാതിക വര്‍ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1994 മുതല്‍ 2022വരെ വിവിധയിടങ്ങളില്‍ നടത്തിയ 63 പഠനങ്ങള്‍ വിശകലനം ചെയ്തുള്ളതാണ് ഈ റിപ്പോര്‍ട്ട്.’മൊബൈല്‍ ഫോണുകളുടെ ഉപയോഗം മസ്തിഷ്‌ക കാന്‍സറും മറ്റ് തലയിലും കഴുത്തിലുമുള്ള ക്യാന്‍സറുകള്‍ക്ക് കാരണമാകാമെന്നതിൻ്റെ തെളിവുകള്‍ ഞങ്ങള്‍ നിഗമനം ചെയ്തു. എന്നാല്‍ അവ തമ്മില്‍ യാതൊരു ബന്ധവുമില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും, ബ്രെയിന്‍ ട്യൂമര്‍ നിരക്ക് ഉയര്‍ന്നിട്ടില്ല.’ റിസേര്‍ച്ച് എഴുത്തുകാരന്‍ കെന്‍ കരിപ്പിഡിസ് ഒരു പ്രസ്താവനയില്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്‍സിയുടെ (അര്‍പന്‍സ) നേതൃത്വത്തിൽ കൃത്യമായ അവലോകനം നടത്തുകയും ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങള്‍ റിപ്പോര്‍ട്ടിനായി പരിശോധിക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ മൊത്തത്തിലുള്ള ബന്ധമൊന്നും ഈ അവലോകനത്തില്‍ കണ്ടെത്തിയില്ല എന്ന് മാത്രമല്ല, ദീര്‍ഘകാല ഉപയോഗം കൊണ്ട് തന്നെ (10 വര്‍ഷമോ അതില്‍ കൂടുതലോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്) രോഗമുണ്ടാകാന്‍ സാധ്യത ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
തലയ്ക്ക് നേരെ പിടിച്ചിരിക്കുന്ന ഫോണുകള്‍ തലച്ചോറിലേക്ക് റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുമെന്ന ആശങ്ക ഏറെ കാലമായി ഉണ്ടായിരുന്നു. ഇത് പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 5,000-ത്തിലധികം പഠനങ്ങള്‍ വിശകലനം ചെയ്തു, 22 രാജ്യങ്ങളില്‍ നിന്നുള്ള 63 പഠനങ്ങള്‍ ഈ നിഗമനത്തിലെത്തി ചേരാന്‍ ഏറ്റവും പ്രസക്തമായതായിരുന്നു.
എന്തായാലും ലോഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഏവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരിക്കലും കരുതിയിരുന്നില്ലെന്ന് എയിംസ് ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കര്‍ പറഞ്ഞു. ”സെല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ അയോണൈസിംഗ് ക്യാന്‍സറിന് കാരണമാകുന്നില്ല. ഒരു എക്‌സ്-റേ മെഷീനില്‍ നിന്നുള്ള വികിരണം അയോണൈസിംഗ് ആണെന്നും ക്യാന്‍സറിന് കാരണമാകുമെന്നും പറയുന്നു. കെമിക്കല്‍ ബോണ്ടുകള്‍ തകര്‍ക്കാനും ആണവ നിലയങ്ങളിലെ പോലെ ആറ്റങ്ങളില്‍ നിന്ന് ഇലക്ട്രോണുകള്‍ നീക്കം ചെയ്യാനും ഓര്‍ഗാനിക് പദാര്‍ത്ഥങ്ങളിലെ കോശങ്ങളെ നശിപ്പിക്കാനും അയോണൈസിംഗ് റേഡിയേഷന് മതിയായ ഊര്‍ജ്ജമുണ്ടെന്നും അദ്ദേഹം പറയുന്നു.
അത് പോലെ തന്നെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വിദഗ്ധനായ ഡോക്ടര്‍ പ്രീതം കഡാരിയ പറയുന്നത് മൊബൈല്‍ ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന തരംഗങ്ങള്‍ താരതമ്യേ കുറഞ്ഞ റേഡിയേഷനാണ് ഉണ്ടാക്കുന്നതെന്നാണ്. പല വിദഗ്ധരെയും പോലെ ഡോ. ശങ്കറും പ്രതിരോധ പരിശോധനയും പുകവലി പോലുള്ള അപകടസാധ്യത ഘടകങ്ങളും പരിമിതപ്പെടുത്താന്‍ അദ്ദേഹം നിർദ്ദേശിക്കുന്നു, കൂടാതെ മൊബൈല്‍ ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും അദ്ദേഹം പറയുന്നു
ഇത് ഇപ്പോഴും തലവേദനയ്ക്കും ഉത്കണ്ഠയ്ക്കും കേള്‍വിക്കുറവിനും കാരണമാകും. ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (IARC) 2011-ല്‍ റേഡിയോ ഫ്രീക്വന്‍സിയും വൈദ്യുതകാന്തിക മണ്ഡലങ്ങളും ഒരു അര്‍ബുദ ഹേതുവായി നിയോഗിക്കുകയുണ്ടായി. ഈ പഠനം പ്രധാനമായും കെയ്സ് കണ്‍ട്രോള്‍ പഠനങ്ങളില്‍ കാണുന്ന പോസിറ്റീവ് അസോസിയേഷനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ മസ്തിഷ്‌ക ക്യാന്‍സറിന് കാരണമാകുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചും ക്യാന്‍സറെക്കുറിച്ചും നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ബ്രെയിന്‍ ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കില്ലെന്ന വസ്തുത തള്ളിക്കളയുന്നുവെങ്കിലും ഫോണിൻ്റെ അമിത ഉപയോഗം മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ഡോക്ടര്‍ ശങ്കര്‍ ഉള്‍പ്പടെയുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പുകവലി ക്യാന്‍സറിന് കാരണമാകുന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഇത്തരം ക്യാന്‍സറുകളിലെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ ശങ്കര്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് നല്ലതാണെന്നും അമിത ഉപയോഗം പലപ്പോഴും തലവേദനയ്ക്കും ഉത്കണ്ഠയ്ക്കും കേള്‍വിക്കുറവിനും കാരണമാകുമെന്നും വിലയിരുത്തുന്നു.
നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവനായ ഡോക്ടര്‍ ജി. കെ രാഥിൻ്റെ അഭിപ്രായത്തില്‍ അന്‍പത് ശതമാനത്തിലധികം ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നത് പുകവലിയും മറ്റ് ഇന്‍ഫക്ഷനുകളുമാണെന്നതാണ്. എച്ച്പിവി വാക്‌സിനുകള്‍ എടുക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലെ ക്യാന്‍സര്‍ വിദഗ്ധന്‍ ഡോക്ടര്‍. ശ്യാം അഗര്‍വാളിൻ്റെ അഭിപ്രായം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ കരുതല്‍ വേണമെന്നും മൊബൈലിൻ്റെ അമിത ഉപയോഗം കുട്ടികളില്‍ പെരുമാറ്റ വൈകല്യം ഉണ്ടാക്കുമെന്നും വ്യക്തമാക്കുന്നു.