KeralaNews

കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് ; ശരൺ ചന്ദ്രൻ സിപിഎമ്മിൽ ചേർന്നത് രണ്ട് മാസം മുൻപ്

പത്തനംതിട്ട : രണ്ട് മാസം മുൻപ് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയ്ക്ക് ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനം. കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെയാണ് മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. ഇന്നലെ ചേർന്ന കൺവെൻഷനിലായിരുന്നു തീരുമാനം.

ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ശരൺ ചന്ദ്രനെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിർപ്പ് ശക്തമായതിനെ തുടർന്നാണ് മേഖലാ കമ്മിറ്റിയിൽ വൈസ് പ്രസിഡൻ്റായി നിയമിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ ശരൺ ചന്ദ്രൻ സിപിഎമ്മിൽ ചേരുന്നതിന് മുൻപും ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിച്ച കേസുകളിൽ പ്രതിയാണ്.

കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ ഇതിന് പിന്നാലെയും ശരൺ ഡി വൈ എഫ് ഐ പ്രവർത്തകനെ ആക്രമിച്ചിരുന്നു. ഈ കേസ് നിലനിൽക്കെ തന്നെയാണ് ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി ശരൺ ചന്ദ്രനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *