
ശക്തമായ വാദപ്രതിവാദങ്ങളുമായി കമലയും ട്രംപും; ട്രംപ് പ്രസിഡൻ്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്ക്കുമെന്ന് കമല ഹാരിസ്; നുണയെന്ന് ട്രംപ്
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ നടക്കുന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ ശക്തമായ വാദപ്രതിവാദങ്ങളുമായി കമല ഹാരിസും ഡോണൾഡ് ട്രംപും. ട്രംപ് പ്രസിഡൻ്റായാൽ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവയ്ക്കുമെന്ന് കമല ഹാരിസ് വിമർശിച്ചു. 20 വർഷത്തിലേറെയായി ട്രംപ് ഗർഭച്ഛിദ്രത്തെ എതിർത്ത് സംസാരിക്കുകയായണെന്നും, പീഡനത്തിന് ഇരയാവുകയോ മറ്റ് ഗുരുതര പ്രശ്‌നങ്ങൾ നേരിടുകയോ ചെയ്യുന്നവർക്ക് പോലും ഇതിൽ നിന്ന് ഇളവുകൾ ലഭിക്കുന്നില്ലെന്ന് കമല ഹാരിസ് ചൂണ്ടിക്കാണിച്ചു. ട്രംപ് പ്രസിഡൻ്റായാൽ രാജ്യത്ത് ഗർഭച്ഛിദ്ര നിരോധന നിയമം നടപ്പിലാക്കുമെന്നും കമല ഹാരിസ് അവകാശപ്പെട്ടു.
എന്നാൽ ഈ വാദങ്ങൾ ട്രംപ് തള്ളി. കമല ഹാരിസ് നുണ പ്രചരിപ്പിക്കുകയാണെന്നും, താൻ ഗർഭച്ഛിദ്ര നിരോധന നിയമത്തിൽ ഒപ്പിടില്ലെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ ഈ നിയമം നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നും ട്രംപ് പറയുന്നു. എന്നാൽ പ്രത്യുത്പാദനം സംബന്ധിച്ചുള്ള രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെയാണ് ട്രംപ് അപമാനിക്കുന്നതെന്ന് കമല ഹാരിസ് പറയുന്നു. താൻ പ്രസിഡൻ്റായാൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്ന് കമല ഹാരിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒൻപതാം മാസത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ പോലും അതൊരു പ്രശ്‌നമല്ലെന്ന് ചിന്തിക്കുന്ന തീവ്രചിന്താഗതിക്കാരാണ് ഡെമോക്രാറ്റുകൾ എന്നായിരുന്നു ട്രംപിൻ്റെ വിമർശനം.
ഒരു രീതിയിൽ പറഞ്ഞാൽ ഒരു കുഞ്ഞിനെ ജനിച്ച ശേഷം വധിക്കുമെന്നാണ് ഡെമോക്രാറ്റുകൾ പറയുന്നതെന്നും ട്രംപ് പറയുന്നു. അഭയാർത്ഥികളെ സംബന്ധിച്ചും, ഇസ്രായേൽ വിഷയം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദമാണ് നടക്കുന്നത്. ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങളടക്കം കമല ഹാരിസ് സംവാദത്തിനിടെ എടുത്ത് കാണിച്ചു. ക്യാപിറ്റോൾ ആക്രമണത്തെക്കുറിച്ചുള്ള പരാമർശത്തിന് തനിക്ക് ആ വിഷയത്തിൽ ഖേദമില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനാണ് നിർദേശം നൽകിയതെന്നുമായിരുന്നു ട്രംപിൻ്റെ വാദം.