മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് അന്‍വറിൻറെ പുതിയ ആരോപണം. മുഖ്യമന്ത്രിക്ക് ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയിൽ പങ്കില്ലെന്ന് വരുത്തി തീർക്കാൻ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന പിണറായിയുടെ വിദ്യയാണ് പുതിയ ആരോപണം എന്നും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു.
ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ലെന്നും അജിത് കുമാറും പി ശശിയും ചേര്‍ന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചെന്നുമാണ് അൻവർ ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി വി അന്‍വര്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.
മുഖ്യമന്ത്രി തന്നെയാണ് ആർഎസ്എസ് ദൂതനായി അജിത് കുമാറിനെ വിട്ടെതെന്നും, ‘പൂരം കലക്കി’ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴി ഒരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു എന്നും വിമർശനം ഉയരുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഒന്നും അറിയാത്ത പാവം ആണെന്ന് അൻവർ പറയുന്നത്. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നാണ് അൻവർ പറയുന്നത്.
സന്ദീപാനന്ദ ഗിരി സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായും അൻവർ ആരോപണം ഉന്നയിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ പറയുന്നു. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അൻവറിൻറെ അഴിമതി വെളിപ്പെടുത്തൽ പരമ്പരയുടെ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് ഭരണപക്ഷ എംഎൽഎ ഉന്നയിക്കുന്നത്. 29 വകുപ്പുകൾ കയ്യടക്കി വെച്ചിരിക്കുന്നതും വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്തതും, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും, മാഫിയ ബന്ധവും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് അൻവർ ഈ സീസണിൽ ഉന്നയിച്ചത്.