Legal NewsNews

‘സുതാര്യത എവിടെ?’; MSC എൽസ 3 കപ്പൽ ദുരന്തം: നഷ്ടപരിഹാര ചർച്ചകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 (MSC Elsa 3) കപ്പലിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് സംസ്ഥാന സർക്കാർ കപ്പൽ കമ്പനിയുമായി നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാർ തലത്തിലുള്ള ചർച്ചകളിൽ സുതാര്യതയില്ലായ്മ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ.

മുൻ എം.പി. ടി.എൻ. പ്രതാപൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പാരിസ്ഥിതിക നാശം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തിക നഷ്ടം, കപ്പലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ, ഈ നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്.

“ഇത്തരമൊരു ചർച്ച ഒരു ഒത്തുതീർപ്പിൽ എത്തുമോ? അതിന് സുതാര്യതയുണ്ടാകുമോ? കോടതിയുടെ അധികാരത്തെ ഇത് ബാധിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്,” എന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന് നഷ്ടപരിഹാരത്തിനായി അഡ്മിറൽറ്റി നിയമപ്രകാരം കോടതിയെ സമീപിച്ച്, കോടതിയുടെ മേൽനോട്ടത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്താമെന്നിരിക്കെ, എന്തിനാണ് തിരക്കിട്ട് നേരിട്ടുള്ള ചർച്ചയെന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്.

കപ്പൽ മുങ്ങിയതുമൂലം പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും സംഭവിച്ച കനത്ത നഷ്ടം ചൂണ്ടിക്കാട്ടിയാണ് ടി.എൻ പ്രതാപൻ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും, നാശനഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേസ് അടുത്തയാഴ്ച ഹൈക്കോടതി വിശദമായി പരിഗണിക്കും. അതുവരെ സർക്കാർ തലത്തിലുള്ള നഷ്ടപരിഹാര ചർച്ചകൾ നിർത്തിവെക്കേണ്ടി വരും.