തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തണലിൽ എഡിജിപി എം.ആർ. അജിത് കുമാർ. അന്വേഷണം പൂർത്തിയാകും വരെ എഡിജിപിക്ക് എതിരേ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് യോഗത്തിൽ. ഇന്ന് എകെജി സെന്ററിൽ ചേർന്ന നിർണായക എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
ആർഎസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അന്വേഷണത്തിൽ എഡിജിപി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വിഷയം ചർച്ച ചെയ്യണമെന്ന് സിപിഐയും ആര്‍ജെഡിയും ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നതാണ് അജിത് കുമാറിന് തൽക്കാലത്തേക്ക് ആശ്വാസമായത്.
അതേസമയം തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആർജെഡി യും അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ തന്നെ തുടരുകയാണ്. മുഖ്യൻറെ ഉറപ്പിലാണ് തൽക്കാലം നടപടി വേണ്ടെന്ന തീരുമാനം എൽഡിഎഫ് യോഗം ശരിവെച്ചത്.